മലപ്പുറം :ജില്ലയില്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി-2022 ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കി 2021 നവംബര്‍ ഒന്നിന് സംയോജിത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ എല്ലാ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും നടന്നു വരികയാണെന്നും വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2021 നവംബര്‍ 30 വരെ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ആക്ഷേപങ്ങളില്‍ 2021 ഡിസംബര്‍ 20 നകം തീര്‍പ്പ് കല്‍പ്പിച്ച് 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്ന വിധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. വോട്ടര്‍പട്ടികയില്‍ പുതുക്കലുമായി ബന്ധപ്പെട്ട് പ്രത്യേക ക്യാമ്പയിനുകള്‍ വിജയിപ്പിക്കുന്നതിനും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ അവബോധവും പ്രചരണവും നടത്തുന്നതിനും രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു.