പാലക്കാട്: സംസ്ഥാനത്തെ കുടുംബങ്ങള്ക്ക് പോഷകപൂര്ണമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കുടുംബശ്രീയുടെ കാര്ഷിക ക്യാമ്പയിന് മലമ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം മരുതറോഡ് പടലിക്കാടില് ഒക്ടോബര് 24 ന് രാവിലെ 10 ന് എ.പ്രഭാകരന് എം.എല്.എ നിര്വഹിക്കും. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് അധ്യക്ഷനാവും.ഓരോ ഭവനത്തിലും ഓരോ കാര്ഷിക പോഷക ഉദ്യാനങ്ങള് സജ്ജീകരിക്കുകയാണ് ക്യാമ്പയിന് ലക്ഷ്യമിടുന്നത്. കുടുംബശ്രീയുടെ കാര്ഷിക മേഖലയിലെ ഇടപെടലിലൂടെ പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ പഴങ്ങളും പച്ചക്കറികളും ഉള്പ്പെടുത്തിയ പോഷക ഉദ്യാനങ്ങള് പോഷകാഹാരകുറവ് പരിഹരിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഫലപ്രദമാകും. ഒരു വാര്ഡില് 50 പോഷക ഉദ്യാനങ്ങള് തയ്യാറാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാലക്കാട് ജില്ലയില് 75000 ത്തിലധികം കുടുംബങ്ങളില് അഗ്രി ന്യൂട്രി ഗാര്ഡന് പ്രാവര്ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ല, പഞ്ചായത്ത്, വാര്ഡ് തലങ്ങളില് പരിശീലന പരിപാടികള് സംഘടിപ്പിക്കും.കുറഞ്ഞത് മൂന്ന് സെന്റ് മുതലുള്ള കൃഷിയിടങ്ങളില് അഞ്ച് ഇനം പച്ചക്കറികളും രണ്ട് ഇനം ഫലവൃക്ഷങ്ങളും ഉള്പ്പെടുത്തിയാണ് അഗ്രി ന്യൂട്രി ഗാര്ഡനുകള് ഒരുക്കുക. തക്കാളി, പാവല്, ചീര, മത്തന്, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി, പയര്, പച്ചമുളക് എന്നിവയിലേതെങ്കിലും അഞ്ച് എണ്ണവും, രണ്ട് ഫലവൃക്ഷങ്ങളും തെരഞ്ഞെടുക്കാം. പൂര്ണമായും ജൈവ രീതിയാണ് അവലംബിക്കുക. വിഷമുക്തവും, പോഷക സമൃദ്ധവുമായ പച്ചക്കറി, പഴവര്ഗങ്ങള് എന്നിവയുടെ ലഭ്യത ഓരോ കുടുംബങ്ങളിലും എത്തിക്കുക വഴി സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക, പോഷക സമൃദ്ധമായ ആഹാര ശീലം വളര്ത്തിയെടുത്ത് പ്രതിരോധ ശേഷിയുള്ള സമൂഹം സൃഷ്ടിക്കാനും ക്യാമ്പയിന് ലക്ഷ്യമിടുന്നു.
നിലമൊരുക്കല്, വിത്തിടല്, വളപ്രയോഗം, പരിപാലനം, വിളവെടുപ്പ് എന്നീ ഓരോ ഘട്ടത്തിലും പ്രത്യേക പരിശീലനം ലഭ്യമാക്കും. വാര്ഡ്തല പരിശീലന പരിപാടിയില് പങ്കെടുക്കുന്ന അംഗങ്ങള്ക്കാവശ്യമായ വിത്തുകള് വി.എഫ്.പി.സി.കെ യില് നിന്നും ലഭ്യമാക്കും. ക്യാമ്പയിന്റെ ഭാഗമായി അഗ്രി ന്യൂട്രി ഗാര്ഡന് ആരംഭിക്കുന്നതിനു താല്പര്യമുള്ളവര് അതാത് സി.ഡി.എസ്സുമായി ബന്ധപ്പടണം. പരിപാടിയില് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രതിനിധികള്, കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് തുടങ്ങിയവര് പങ്കെടുക്കും.