കൊച്ചി: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണത്തിനുള്ള 208 അപേക്ഷകള്‍ക്ക് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അധ്യക്ഷനായ സമിതി അനുമതി നല്‍കി. ബാക്കിയുള്ള അപേക്ഷകള്‍ക്ക് ഘട്ടംഘട്ടമായി അനുമതി നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. ആകെ 387 അപേക്ഷകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ അനുമതിക്കായി തിരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമര്‍പ്പിച്ചത്.

ഇതില്‍ 187 അപേക്ഷകള്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടേതായിരുന്നു. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് തീരദേശ നിയമപ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്. 58 അപേക്ഷകളില്‍ ആവശ്യമായ അധിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. അഞ്ച് അപേക്ഷകള്‍ തീരദേശ പരിപാലന അതോറിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

ആകെ 24 തദ്ദേശ സ്ഥാപനങ്ങളാണ് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ കൊച്ചി കോര്‍പ്പറേഷനും മരട്, തൃപ്പൂണിത്തുറ, വടക്കന്‍ പറവൂര്‍ നഗരസഭകളും 20 പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ഓരോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ എണ്ണം. നായരമ്പലം-36, ഏഴിക്കര-34, മുളവുകാട്-24, പള്ളിപ്പുറം-50, വരാപ്പുഴ-18, കുഴുപ്പിള്ളി-42, ചേന്ദമംഗലം-9, ഇടവനക്കാട്-30, ചിറ്റാറ്റുകര-16, കുമ്പളങ്ങി-4, വടക്കേക്കര-10, മരട് നഗരസഭ-2, കോട്ടുവള്ളി-9, ചെല്ലാനം-61, കുമ്പളം-8, കടമക്കുടി-13, ചേരാനെല്ലൂര്‍-5, കൊച്ചി നഗരസഭ-11, ഉദയംപേരൂര്‍-4.

കളക്ട്രേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ കലൈഅരശന്‍, സീനിയര്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ പി.ആര്‍. ഉഷ കുമാരി, ഡിഡി പഞ്ചായത്ത് മാലതി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, പ്രാദേശിക സമൂഹ പ്രതിനിധികളായ കെ.ജെ. ലീനസ്, എം.എന്‍. രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.