സാമൂഹിക മുന്നേറ്റത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനുമായി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീ പദവി സ്വയം പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച വിജിലന്റ് ഗ്രൂപ്പിന്റെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീ-ശിശു സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് വിജിലന്റ് ഗ്രൂപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും പ്രാദേശികമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരും കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പരിചയമുള്ളവരും സ്ത്രീപക്ഷ കാഴ്ചപ്പാടുള്ളവരുമായ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടുത്തിയാണ് വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളത്. ഓരോ വാര്‍ഡിലും അഞ്ചു മുതല്‍ 10 വരെ അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ആകെ 920 വാര്‍ഡുകളിലായി 7908 അംഗങ്ങളുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളെ പ്രാദേശികമായി പ്രതിരോധിക്കുക, അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കുക, പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും നേതൃത്വം നല്‍കുക, സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക് വാര്‍ഡ് തല വോളന്റിയറായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് വിജിലന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന ലക്ഷ്യം. അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യമായ സേവനങ്ങളും പിന്തുണയും നല്‍കുന്നതിനുള്ള സ്വയം സജ്ജ വോളന്റിയറായി ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പരിശീലനം അംഗങ്ങള്‍ക്ക് നല്‍കി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എഡിഎംസിമാരായ എ. മണികണ്ഠന്‍, വി.എസ്. സീമ, കെ.എച്ച് സെലീന, ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു, മഹിളാ മന്ദിരം ലീഗല്‍ കൗണ്‍സിലര്‍ സ്മിത ചന്ദ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രതിനിധി അഡ്വ.പി.വി. വിജയമ്മ എന്നിവര്‍ ക്ലാസ് നയിച്ചു.