കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രളയക്കെടുതിയിൽ രേഖകൾ നഷ്ടപ്പെട്ടവരെ സഹായിക്കാൻ നഗരസഭയുടെ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. നഷ്ടപ്പെട്ടു പോയ ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, പാൻ കാർഡ്, ജനന-മരണ സർട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകർപ്പ് തുടങ്ങിയ രേഖകൾ വീണ്ടും ലഭിക്കുന്നതിന് ഹെൽപ്പ് ഡസ്‌കിൽ അപേക്ഷ നൽകാം. നഗരസഭയിലെ ജനസേവന കേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ദിവസം 22 അപേക്ഷ ലഭിച്ചു.
നേരിട്ട് എത്താൻ കഴിയാത്തവർക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാനുള്ള സഹായവും നൽകും. സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ പറഞ്ഞു. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം. ഫോൺ: 9961300738, 9946464364.