സംസ്ഥാന സർക്കാരിൻ്റെ നൂറു ദിനങ്ങളിലെ പ്രവർത്തന നേട്ടങ്ങൾ അവതരിപ്പിക്കുന്ന മൊബൈൽ പ്രദർശനത്തിന് ജില്ലയിൽ തുടക്കമായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ മൊബൈൽ എക്സിബിഷൻ ബസ് മന്ത്രി പി. രാജീവ് കളമശേരിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. നൂറു ദിനങ്ങളുടെ ഭാഗമായി ജില്ലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രദർശനവും വീഡിയോ പ്രദർശനവുമാണ് ബസിലുള്ളത്.
എറണാകുളം മെഡിക്കൽ കോളേജിൻ്റെ വികസന പ്രവർത്തനങ്ങൾ, ചെല്ലാനത്തെ തീരസംരക്ഷണ പ്രവർത്തനങ്ങൾ, കാക്കനാട് ആരംഭിച്ച ഡ്രൈവിംഗ് സിമുലേറ്റർ, വൈപ്പിൻ ഓച്ചന്തുരുത്തിലെ ഫിഷ് മാർട്ട്, അതിഥി തൊഴിലാളികൾക്കുള്ള സർക്കാരിൻ്റെ കരുതൽ, കൊച്ചി കോർപ്പറേഷൻ ആരംഭിച്ച പത്ത് രൂപ ഊണ് തുടങ്ങിയ ആകർഷകമായ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
രണ്ടാം പിണറായി സർക്കാരിൻ്റെ വൈവിധ്യമാർന്ന സേവനങ്ങളുടെയും പദ്ധതികളുടെയും വിവരണമടങ്ങിയ വീഡിയോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. സർക്കാരിൻ്റെ പ്രസിദ്ധീകരണങ്ങളായ ജനപഥവും കേരള കോളിംഗും സൗജന്യമായി വാഹനത്തിൽ ലഭിക്കും. കളമശേരിയിലും എച്ച്എംടി മേഖലയിലും പര്യടനം പൂർത്തിയാക്കിയ വാഹനം ഇന്ന് (24/10/21 ഞായർ) വൈപ്പിൻ, പറവൂർ മേഖലകളിൽ പര്യടനം നടത്തും.