എറണാകുളം: വടക്കേക്കരയിൽ നടന്ന കരനെൽ കൃഷി കൊയ്ത്തുത്സവം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കൃഷിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സപ്ലൈകോ ഏഴര ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്.

മറ്റേത് സംസ്ഥാനത്തിനേക്കാൾ മികച്ച രീതിയിൽ കർഷകർക്ക് ന്യായമായ വില നൽകി നെല്ല് സംഭരിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. ഇത്തവണ 28 രൂപ നൽകിയാണ് നെല്ല് സംഭരിക്കുന്നത്. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനുള്ള നല്ല പരിശ്രമമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പറവൂർ എംഎൽഎ വി.ഡി സതീശൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

കുഞ്ഞിത്തൈ ആലിങ്കൽ ക്ഷേത്ര പരിസരത്തെ കൃഷിയിടത്തിലാണ് ഉദ്ഘാടനം നടന്നത്. തൊഴിലുറപ്പ് തൊഴിലാളികളും കാർഷിക കൂട്ടായ്മയും ചേർന്ന് നടത്തിയ കൃഷിയാണ് നൂറുമേനി വിളഞ്ഞത്.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ, പറവുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു തമ്പുരാട്ടി, വടക്കേക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി വർഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ, പഞ്ചായത്ത് അംഗം അജിത ഷണ്മുഖൻ, കൃഷി ഓഫീസർ എൻ.എസ് നീതു, ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ് പ്രതാപൻ, കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി.കെ. ബാബു എന്നിവർ പങ്കെടുത്തു.