കൊച്ചി: പറവൂർ നഗരമധ്യത്തിൽ സപ്ലൈകോയുടെ പീപ്പിൾസ് ബസാർ ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ അനിൽ ഞായറാഴ്ച നളന്ദ സിറ്റി സെൻ്ററിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി. പൊതുവിതരണ രംഗത്തെ സർക്കാർ സംരക്ഷിക്കുന്ന പോലെ നെൽകർഷകരേയും സഹായിക്കുന്നന്ന നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. നെൽകർഷകരെ സഹായിക്കുന്നതിൻ്റെ ഭാഗമായി കിലോക്ക് 28 രൂപ നിരക്കിലാണ് ഈ സീസണിൽ നെല്ലുസംഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സീസണിൽ 27 രൂപ 48 പൈസയായിരുന്നു. ഇതിൽ നിന്നാണ് ഇപ്പോഴുള്ള മാറ്റത്തിലെത്തിയിരിക്കുന്നത്.

പാലക്കാട്, ആലപ്പുഴ ജില്ലകളിൽ സംഭരണം നടക്കുകയാണ്. ഇതു പോലെ തന്നെ പൊതുവിതരണ രംഗത്തു കാതലായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ പൊതുവിതരണ സംവിധാനങ്ങൾ ആധുനിക രീതിയിലാക്കാനും ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ ഈ സംവിധാനങ്ങൾ വഴി എത്തിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.കേന്ദ്ര സർക്കാർ പഞ്ചാബിൽ നിന്നാണ് പൊതുവിതരണത്തിനു് അരി നൽകുന്നത്. മലയാളിയുടെ അരിഭക്ഷണത്തിൻ്റെ സ്വഭാവം കണക്കിലെടുത്ത് ആന്ധ്രയിൽ നിന്നും തെലുങ്കാനയിൽ നിന്നും അരി ലഭ്യമാക്കണമെന്ന കാര്യവും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.മലയോര മേഖലകളിലും ഊരുകളിലും തോട്ടം മേഖലകളിലും കടലോര പ്രദേശങ്ങളിലും കടുതലായി ഭക്ഷ്യ ഉല്പന്നങ്ങൾ എത്തിക്കാൻ മൊബൈൽ വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകരുതെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.ഇതോടൊപ്പം പുതിയമാവേലി സ്റ്റോറുകൾ സ്ഥാപിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കുന്നുണ്ട്.കൂടാതെ പുതിയകാലത്തിനനുസരിച്ച് സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളുമാക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു. സൂപ്പർ മാർക്കറ്റ് പീപ്പിൾസ് ബസാറായി മാറ്റി സ്ഥാപിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ ആദ്യവില്പന നടത്തി. വാർഡ് കൗൺസിലർ ഇ.ജി.ശശി, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം കെ.എം.ദിനകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസ നേർന്നു. സപ്ലൈകോ സി.എം.ഡി. പി. എം. അലി അസ്ഗർ പാഷ സ്വാഗതവും അസി. റീജ്യണൽ മാനേജർ പി.എ.റിയാസ് നന്ദിയും പറഞ്ഞു.