തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്ത്തനങ്ങള്ക്ക് മേല്നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ സ്മാര്ട്ട് ഗാര്ബേജ് മൊബൈല് ആപ്ലിക്കേഷന് പരിശീലനം നവംബര് ഒന്ന് മുതല് ജില്ലയില് മൂന്ന് ഘട്ടങ്ങളിലായി നടക്കും. നവംബര് ഒന്നിന് നടക്കുന്ന ഒന്നാംഘട്ട ഓണ്ലൈന് പരിശീലനത്തില് മുനിസിപ്പല് ചെയര്മാന്മാര്, വൈസ് ചെയര്മാന്മാര്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ്, നഗരസഭാ സെക്രട്ടറി എന്നിവര് പങ്കെടുക്കും.
രണ്ടാംഘട്ട പരിശീലനം നവംബര് ഒമ്പതിന് മാലിന്യ സംസ്‌കരണ പ്രൊജക്ട് നടത്തിപ്പ് ചുമതലക്കാരായ അസിസ്റ്റന്റ് സെക്രട്ടറിമാര്, വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്മാര്, നഗരസഭാ ഹെല്ത്ത് ഓഫീസര്, നഗരസഭാ ഹെല്ത്ത് സൂപ്പര്വൈസര്, ഹെല്ത്ത് ഇന്സ്പെക്ടര്മാര്, എന്ജിനീയര്മാര് എന്നിവര്ക്കായി നടത്തും. മൂന്നാഘട്ട പരിശീലനം നവംബര് 15 ന് ഹരിതകര്മ്മ സേനാംഗങ്ങള്ക്ക് നല്കും.
തുടര്ന്ന് ജില്ലയിലെ എല്ലാ ഹരിതകര്മ്മ സേനാംഗങ്ങള്ക്കും തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില് നേരിട്ട് പരിശീലനവും നല്കും. കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല് അഡ്മിനിസ്ട്രേഷന്റെ (കില) സഹകരണത്തോടെയാണ് പരിശീലനം നല്കുന്നതെന്ന് ഹരിതകേരളം മിഷന് കോര്ഡിനേറ്റര് വൈ.കല്ല്യാണകൃഷ്ണന് അറിയിച്ചു.