ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവ്വേയുടെ ഭാഗമായി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ  നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 5 വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ പ്രാഥമിക ഘട്ടം പൂർത്തീകരിക്കുന്നതിനോടൊപ്പം ജില്ലയിലെ അതി ദരിദ്രരുടെ പട്ടിക ഡിസംബർ 31നകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായാണ് ജനപ്രതിനിധികൾക്ക് പരിശീലനം നൽകിയത്. കിലയുടെ നേതൃത്വത്തിലാണ് പരിശീലനം.

ചേർപ്പ് ബ്ലോക്ക് ഓഫീസിൽ നടന്ന ആദ്യ ബാച്ച് പരിശീലന പരിപാടിയിൽ ചേർപ്പ് ബ്ലോക്ക് അംഗങ്ങൾ,  വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 40 പേർ പങ്കെടുത്തു. ചേർപ്പ് പഞ്ചായത്ത് ഹാളിൽ നടന്ന  രണ്ടാം ബാച്ചിനുള്ള പരിശീലനത്തിൽ പാറളം, അവിണിശ്ശേരി, ചേർപ്പ് പഞ്ചായത്തുകളിലെ മെമ്പർമാരായ 50 പേരാണ് പങ്കെടുത്തത്. കില റിസോഴ്സസ് പേഴ്സൺമാരാണ് പരിശീലനം നൽകുന്നത്. ദരിദ്രരുടെ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി അപ്ഡേറ്റ് ചെയ്യുക, പദ്ധതി നടത്തിപ്പിന് വാർഡ് തല എന്യുമറേറ്റർമാരെ കണ്ടെത്തുക, ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുക എന്നിവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.