എളവള്ളി ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ സ്പെഷ്യൽ കെയർ സെൻ്റർ ആരംഭിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ രംഗത്ത് മികവ് നൽകുകയാണ് കെയർ സെൻ്റർ കൊണ്ട് ലക്ഷ്യമിടുന്നത്. പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ അധ്യയനം നടത്തി വരുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ കാരണങ്ങൾക്കൊണ്ട് പഠന പ്രക്രിയയിൽ പൂർണ പങ്കാളിത്തം ഉറപ്പുവരുത്താനാകുന്നില്ല. കുട്ടികൾക്ക് പൊതുവിദ്യാലയ അനുഭവങ്ങൾക്ക് പുറമെ അധിക പിന്തുണ സംവിധാനം ഒരുക്കാനാണ് സ്പെഷ്യൽ കെയർ സെൻ്ററുകൾ ഉദ്ദേശിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും വിവിധ സമയം ക്രമീകരിച്ച് ഒരു സമയം 10 കുട്ടികളിൽ അധികരിക്കാത്ത രീതിയിൽ കുട്ടികളിലെ പഠന മികവിനായി അധിക പിന്തുണ നൽകുകയാണ് സ്പെഷ്യൽ കെയർ സെൻ്ററുകൾ.

മുല്ലശ്ശേരി ബിആർസിയിൽ നിന്നുള്ള രണ്ട് സ്പെഷ്യൽ എഡ്യുക്കേറ്റർമാരാണ് എളവള്ളിയിൽ കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നത്. ജി എച്ച് എസ് എസ് എളവള്ളിയിലാണ് ക്ലാസുകൾ. നിലവിൽ സ്കൂളിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ചിറ്റാട്ടുകര സെബാസ്റ്റ്യൻസ് ഹൈസ്കൂളിലും മുല്ലശ്ശേരിയിലുമായാണ് ക്ലാസുകൾ നൽകുന്നത്. നേരത്തേതിൽ നിന്ന് വ്യത്യസ്ഥമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തിയിരുന്ന ഈ സംവിധാനം പഞ്ചായത്തുകളിൽ വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. നഴ്സറി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കും സ്പെഷ്യൽ കെയർ സെൻ്റലൂടെ അധിക പിന്തുണ നൽകാനാകും. ഇത്തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനുള്ള ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കെയർ സെൻ്ററിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചിറ്റാട്ടുകര സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വെച്ച് എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി സി മോഹനൻ അധ്യക്ഷനായി. സ്കൂൾ പ്രധാന അധ്യാപകൻ ജസ്റ്റിൻ തോമസ്, ബിആർസി കോഡിനേറ്റർ ജാസ്മിൻ താവു, സ്പെഷ്യൽ എജുക്കേറ്റർ പിബി ധന്യ എന്നിവർ സംസാരിച്ചു