ജില്ലയിൽ മഴയ്ക്ക് ശേഷം എലിപ്പനികേസുകൾ കൂടുതൽ റിപ്പോർട്ട്‌ ചെയ്യുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരും നിർബ്ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ടതാണ്.
ജില്ലയിൽ ഈ വർഷം ഇതേവരെ 304 സംശയിക്കപ്പെടുന്ന കേസുകളും 133 സ്ഥിരീകരിച്ച എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ എലിപ്പനി സ്ഥിരീകരിച്ച 4 മരണങ്ങളും സംശയിക്കുന്ന 19 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ സ്ഥിരീകരിച്ച 18 ഉം സംശയിക്കപ്പെടുന്ന 51 എലിപ്പനി കേസുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.എന്നാൽ ഒക്ടോബറിൽ ഇതുവരെ 29 സ്ഥിരീകരിച്ച കേസുകളും 48 സംശയിക്കപ്പെടുന്ന കേസുകളുമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എലിപ്പനി സംശയിക്കുന്ന 5 മരണങ്ങൾ സെപ്തംബറിലും 6 മരണങ്ങൾ ഒക്ടോബറിലും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കേ മഴയ്ക്ക് ശേഷം വീണ്ടും കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ മരണങ്ങൾ ഒഴിവാക്കുന്നതിനായി രോഗസാധ്യതയുള്ളവർ നേരത്തെതന്നെ രോഗനിർണ്ണയം നടത്തി ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.കൂടാതെ നിലവിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങൾ എല്ലാം തന്നെ പ്രതിരോധ മരുന്ന് കഴിക്കാതെയും യഥാസമയം ചികിത്സ തേടാതെ പെട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിൽ എത്തിയാതയാണ് കണ്ടുവരുന്നത്‌. അതുകൊണ്ടുതന്നെ
എലിപ്പനി മരണങ്ങൾ ഒഴിവാക്കുന്നതിന് മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പ്രതിരോധമരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്.

അതിനാൽ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു സാധ്യതയുള്ള എലികളുടെയും കന്നുകാലി, നായ, പന്നികൾ മുതലായ മറ്റു ജീവികളുടെയും മൂത്രം ശരീരത്തിൽ തട്ടാതെയും, ആഹാരം കുടിവെള്ളം എന്നീ മാർഗങ്ങളിലൂടെ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി ഈ രോഗം തടയാൻ സാധിക്കും.

പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

കന്നുകാലി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൃഷി പണിയിലേർപ്പെട്ടിരിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടിയ വിഭാഗങ്ങൾ.

വെള്ള കെട്ടിലിറങ്ങുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും കട്ടി കൂടിയ റബ്ബർ കാലുറകളും, കയ്യുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.

കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിൻറെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളുടെ കൂടെ ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണ്.

26/10/21
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )