നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന്‍ വഴിക്കടവ് റെയ്ഞ്ചിലെ ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘നങ്ക ചെമ്മം’ എന്ന പേരില്‍ സംഘടിപ്പിച്ച ദൃശ്യകലാ ക്യാമ്പ് ഒക്ടോബര്‍ 29 സമാപിക്കും. വനാസൃത സമൂഹത്തിലെ വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് പോത്തുകല്ല് പഞ്ചായത്തിലെ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലാണ് ഒന്‍പത് ആദിവാസി കോളനികളിലെ അഞ്ചാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 55 ഓളം കുട്ടികള്‍ക്കായി കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ലളിതകലാ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ട്രസ്പാസേഴ്സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്രയോണ്‍സ്, വാട്ടര്‍ കളര്‍, എന്നിവക്ക് പുറമെ മഞ്ഞള്‍, ചുണ്ണാമ്പ്, കരി, മുക്കുറ്റി അരച്ചെടുത്ത നീര് തുടങ്ങിയവ ഉപയോഗിച്ച് കൈകള്‍ക്കൊണ്ടായിരുന്നു ചിത്രരചന പരിശീലനം. സംഘാടകര്‍ നല്‍കിയ ഛായങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ വരച്ച ചുമര്‍ ചിത്രങ്ങളും ക്യാമ്പിനെ ശ്രദ്ധേയമാക്കി. ക്യാമ്പിന്റെ സമാപന ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരവും സമ്മാനിക്കും. ക്യാമ്പ് മികച്ച അനുഭവമായെന്ന് അപ്പന്‍കാപ്പ്, തണ്ടന്‍കല്ല്, ഏട്ടപ്പാറ, തരിപ്പപ്പൊട്ടി, വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, കവളപ്പാറ എന്നീ കോളനികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജോസ് മാത്യു, വാണിയമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.ഷാജി, ഡിവിഷന്‍ കോര്‍ഡിനേറ്റര്‍ എന്‍.പി ദിവാകരനുണ്ണി, വി.എസ്.എസ് സെക്രട്ടറിമാരായ മനോജ് എബ്രഹാം, വി.എസ്. ബിനീഷ്, എഫ്.ഡി.എ അസിസ്റ്റന്റ് കെ.സരിത തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
