ദളിത് വിമോചനം സാധ്യമാകണമെങ്കില്‍ നിലവിലുള്ള സാമൂഹികവ്യവസ്ഥ മാറണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ്മന്ത്രി എ.കെ.ബാലന്‍. പട്ടികജാതി വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ‘റാന്തല്‍’ സംസ്ഥാന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യ നേടിയതുകൊണ്ടുമാത്രം ജാതിവിമോചനം സാധ്യമാകുമെന്നത് മിഥ്യയാണ്. വ്യവസ്ഥ അടിമുടി മാറണം. ഇതിനുള്ള ശ്രമമാണ് വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചാതുര്‍വര്‍ണ്യം പോലുള്ള ചരിത്രപരമായ കാരണമാണ് ദളിത് പിന്നോക്കാവസ്ഥക്ക് കാരണം. ദളിത് സാഹിത്യം, ദളിത് ജീവിതങ്ങള്‍ പകര്‍ത്തുകയാണ്. ബുദ്ധ സാഹിത്യവും സംഘ സാഹിത്യവുമാണ് ദളിത് രചനകളുടെ പ്രചോദനം. ജാതിയുടെ കരിനിഴല്‍ വീണ ജീവിതങ്ങളെ നക്ഷത്രങ്ങളാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്‍റേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ അഡ്വ.കെ.രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന്‍ എം.എന്‍ കാരശേരി, ഖദീജ മുംതാസ് എന്നിവര്‍ പ്രഭാഷണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. അനിത, ഗ്രാമ പഞ്ചായത്തംഗം ബാബു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ബി. ശ്രീകുമാര്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സിന്ധു നന്ദിയും പറഞ്ഞു.
