വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണ സംവിധാനം, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ എന്നിവയുമായി സഹകരിച്ച് കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ഉദ്ഘാടനവും നവംബർ ഒന്ന് രാവിലെ 11 മണിക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പി.ആർ.ചേംബറിൽ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലക്കാരായ മലയാളത്തിലെയും തുളു-കന്നഡയിലെയും സമഗ്ര സംഭാവന നൽകിയ എഴുത്തുകാരെ ആദരിക്കുന്നു.

മലയാളത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രവീന്ദ്രൻ പാടി, തുളു- കന്നഡ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കവിയും മുതിർന്ന പത്രപ്രവർത്തകനുമായ മലർ ജയരാമ റൈ എന്നിവരെയാണ് ആദരിക്കുന്നത്.
ഉദ്ഘാടനവും പുരസ്‌കാര ദാനവും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർവഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷനാവും. എ.ഡി.എം എ.കെ. രമേന്ദ്രൻ ഭരണ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഗ്രന്ഥാലോകം എഡിറ്റർ പി.വി.കെ. പനയാൽ മുഖ്യപ്രഭാഷണം നടത്തും.

പുരസ്‌ക്കാര ജേതാക്കളെ സതീശൻ പൊയ്യക്കോട്, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ പരിചയപ്പെടുത്തും. അസി. എഡിറ്റർ പി.പി. വിനീഷ്, കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജി.സുരേഷ് ബാബു, എ.ഐ.ഒ പ്രദീപ്. ജി.എൻ എന്നിവർ സംസാരിക്കും.