എറണാകുളം: ജില്ലയിൽ കോവിഡ് ഇതര പകർച്ചവ്യാധി രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ഇതരപകർച്ചവ്യാധി നിയന്ത്രണ ക്യാമ്പയിൻ & മലമ്പനി നിർമാർജനം ജില്ലാതല കർമ്മ സമിതി വിവിധ വകുപ്പുകളുടെ യോഗം അവലോകന യോഗം ചേർന്നു.

പകർച്ചവ്യാധി ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്‍റെയും, വാര്‍ഡ്തല ആരോഗ്യ സമിതികളുടെയും പ്രവര്‍ത്തനവും കൂടുതല്‍ ശക്തിപ്പെടുത്തണം. മഴയ്ക്ക് ശേഷം വീണ്ടും എലിപ്പനി കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ മരണങ്ങൾ ഒഴിവാക്കുന്നതിനായി രോഗസാധ്യതയുള്ളവർ നേരത്തെതന്നെ രോഗനിർണ്ണയം നടത്തി ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വീടുകളിലെ സ്വയംചികിത്സ ഒഴിവാക്കണം.

നിലവിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളെല്ലാം പ്രതിരോധ മരുന്ന് കഴിക്കാതെയും കൃത്യ കൃത്യസമയത്ത് ചികിത്സ തേടാതെ ഗുരുതരാവസ്ഥയിൽ എത്തിയാതയാണ് കണ്ടുവരുന്നത്‌. അതിനാൽ എലിപ്പനി മരണങ്ങൾ ഒഴിവാക്കുന്നതിന് മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പ്രതിരോധമരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കേണ്ടതാണ്. രോഗ പകർച്ച സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

വീടുകളിലും സ്ഥാപനങ്ങളിലും കൊതുകിൻ്റെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തണം.

പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേരും. 2022 ഓടെ മലമ്പനി നിർമാർജനവും 2023 ഓടെ മന്ത് നിർമാർജ്ജനവുമാണ് ലക്ഷ്യമിടുന്നത്. ഇതിൽ കേരളത്തിൽ നിന്ന് എറണാകുളം ഉൾപ്പെടെ 5 ജില്ലകളേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2015 ന് ശേഷം തദ്ദേശ മലമ്പനി കേസുകളും മലമ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളേയാണ് മലമ്പനി നിർമാർജനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിർമാർജന പ്രവർത്തനങ്ങൾക്കായി ജില്ലയിലെ വിവിധ വിഭാഗം ആരോഗ്യ പ്രവർത്തകരുടെ പരിശീലനം പൂർത്തിയാക്കി. പഞ്ചായത്ത് തലത്തിൽ വാർഡുകളിൽ നിന്നാണ് നിർമാർജ്ജന പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ കുട്ടപ്പൻ, ജില്ലാ നോൺ കോവിഡ് സർവെയ്ലൻസ് ഓഫീസർ ഡോ.വിനോദ് പൗലോസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.