എറണാകുളം: പിഴല മെയിന്‍ റോഡ് വീതി കൂട്ടി പുനര്‍നിര്‍മ്മിക്കുമെന്ന് ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. മൂലമ്പിള്ളി-പിഴല പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി 2020 ജൂണ്‍ 22 ന് പൊതു ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു. പക്ഷേ പിഴലയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന് നിലവില്‍ പാടങ്ങളിലൂടെയുള്ള 2.5 മീറ്റര്‍ വീതിയിലുള്ള കോണ്‍ക്രീറ്റ് റോഡ് വീതി കൂട്ടേണ്ടതുണ്ട്.
ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് ഏജന്‍സിയായ യുഎല്‍സിസിഎസ് റിപ്പോര്‍ട്ട് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് 4,80,00,000 രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഉത്തരവ് പ്രകാരം സ്ഥലമെടുപ്പ് നടപടികള്‍ക്കായി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിച്ചു വരികയാണ്. എസ്റ്റിമേറ്റ് പുതുക്കി നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
റോഡിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കും. ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു.