പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നറിയിപ്പ്. കോവിഡ്-പകര്‍ച്ചരോഗ പ്രതിരോധത്തിന് തുല്യപ്രാധാന്യം നല്‍കും. ആരോഗ്യ വകുപ്പിനോടൊപ്പം ഇതര വകുപ്പുകളേയും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. പ്രവര്‍ത്തന പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും.

സ്‌കൂളുകളിലെ ജലസംഭരണികള്‍, കിണറുകള്‍ എന്നിവയോടൊപ്പം മൈതാനവും പരിസരവും കൂടി വൃത്തിയാക്കണം. ഇവിടങ്ങളിലെ പാചക-ഇതര തൊഴിലാളികള്‍ എന്നിവരുടെ ഹെല്‍ത്ത് കാര്‍ഡ് പുതുക്കണം. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം, വെള്ളം എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ജല-ജന്തുജന്യ രോഗസാധ്യതാ മേഖലകളില്‍ ബോധവത്ക്കരണവും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കണം.
ഐ.സി.ഡി.എസ് അങ്കണവാടികള്‍ വഴിയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 29 കോളനികളിലും അതിഥി തൊഴിലാളി ക്യാമ്പുകളിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.

തീരദേശമേഖലയില്‍ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുകയാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റര്‍, സംശയനിവാരണം സംബന്ധിച്ച ലഘുലേഖ എന്നിവ കലക്ടര്‍ പ്രകാശനം ചെയ്തു. ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.