*പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി ഉടന്‍ പരിഹരിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. അത്യാഹിത വിഭാഗം, ഒബ്സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍, പുതിയ അത്യാഹിത വിഭാഗം എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. വ്യാഴാഴ്ച രാത്രി 10.30 ഓടെ ആശുപത്രിയില്‍ എത്തിയ മന്ത്രി ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചും ആശുപത്രി പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേരിട്ട് മനസിലാക്കി.
തുടര്‍ന്ന് ആശുപത്രിയിലെ ഡ്യൂട്ടി ചാര്‍ട്ട് പരിശോധിച്ച് സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഡ്യൂട്ടിസമയം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ കോളേജ് പ്രിന്‍സിപ്പാളിനു നിര്‍ദ്ദേശം നല്‍കി.

ദിവസം മുഴുവന്‍ രോഗികള്‍ക്ക് ചികിത്സയും പരിചരണവും ഉറപ്പു വരുത്തണം. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
മൂന്നുമണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മന്ത്രി രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആശയവിനിമയം നടത്തി. പഴയ അത്യാഹിത വിഭാഗത്തിലെ സ്ഥലപരിമിതി പരിഹരിക്കണമെന്ന രോഗികളുടെ ആവശ്യം ഉടന്‍ പരിഹരിക്കുമെന്നും കോവിഡ് കുറഞ്ഞു വരുന്നതനുസരിച്ച് അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.