സഹകരണ മേഖല ഫിഷറീസ് വകുപ്പുമായി സഹകരിച്ച്  ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റ് അടൂര്‍ ബൈപാസില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന തരത്തില്‍ സഹകരണ വകുപ്പിന് പുതിയ വെളിച്ചം നല്‍കുന്ന പ്രവര്‍ത്തനമാണ് പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റേതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അടൂര്‍ ബൈപ്പാസില്‍ കോ-ഓപ്പറേറ്റീവ് സീഫുഡ് റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സീ ഫുഡ് റസ്റ്ററന്റ് സാധ്യമാകുന്നതോടെ ഒരുപാട് യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത ലഭ്യമാകും.

കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ പുതിയ ആശയമാണ് സീ ഫുഡ് റസ്റ്ററന്റ്. ആദ്യഘട്ടമായി ആയിരം പഞ്ചായത്തുകളില്‍ ഇവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ അഞ്ചു വര്‍ഷം കൊണ്ട് പരമാവധി ആളുകള്‍ക്ക് ജോലി നല്‍കാനും ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കും. അടൂരില്‍ സാംസ്‌കാരിക വകുപ്പിന്റെ കൈയ്യൊപ്പ് ചാര്‍ത്തും. സാംസ്‌കാരിക നഗരമാക്കി അടൂരിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യമായി സഹകരണ മേഖലയില്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റാണ് അടൂര്‍ ബൈപാസില്‍ ആരംഭിച്ചത്. ഇവിടെ നിന്ന് നവംബര്‍ ഒന്നിന് നിയമസഭയിലേക്ക് 500 ഫ്രൈഡ് റൈസ് മന്ത്രി ഓര്‍ഡര്‍ ചെയ്തു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സീ ഫുഡ് എന്‍.ഗോപാലകൃഷ്ണന് നല്‍കി ആദ്യവില്‍പ്പന നടത്തി.

പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളീയ്ക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ആശ, അടൂര്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോജ്, പത്തനംതിട്ട ജോയന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള, ജോയന്റ് ഡയറക്ടര്‍ എം.ജി രാംദാസ്, ബാങ്ക് സെക്രട്ടറി ജി.എസ്.രാജശ്രീ, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള, സിപിഐ(എം) ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.