സർക്കാർ സേവനങ്ങളെ വിരൽത്തുമ്പിലെത്തിക്കുന്ന ‘എന്റെ ജില്ല’ മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ എന്റെ ജില്ല നോഡൽ ഓഫീസർ അനുപം മിശ്രയും പദ്ധതിയുമായി ബന്ധപ്പെട്ട വളണ്ടിയർമാരും പങ്കെടുത്തു.

സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളിൽ ഫോണിലും ഇമെയിലിലും ബന്ധപ്പെടാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ‘എന്റെ ജില്ല’. സേവനങ്ങൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താനും പരാതി നൽകാനുമുള്ള സൗകര്യവും ആപ്പിലുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച എന്റെ ജില്ല ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ജില്ല തിരഞ്ഞെടുത്ത ശേഷം വകുപ്പ് അല്ലെങ്കിൽ സ്ഥാപനം തിരഞ്ഞെടുക്കാം. വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ പട്ടികയിൽ നിന്നും ആവശ്യമുള്ള ഓഫീസിന്റെ പേരിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. ഒരു ഓഫീസ് തിരഞ്ഞെടുത്താൽ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും ആപ്പിൽ തെളിയും. മേക്ക് എ കോൾ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആപ്ലിക്കേഷനിൽ നിന്ന് നേരിട്ട് ഓഫീസുകളിലേക്ക് കോൾ ചെയ്യാം. ലൊക്കേറ്റ് ഓൺ മാപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഓഫീസ് എവിടെയെന്ന് ഗൂഗിൾ മാപ്പിൽ കണ്ടെത്താനാവും. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനിൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്ത് ഓഫീസിന്റെ പ്രവർത്തനവും ആപ്പിൽ വിലയിരുത്താവുന്നതാണ്.