തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിൽ രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തണമെന്ന് ജില്ലാ വികസനസമിതിയോഗത്തിൽ നിർദേശമുയർന്നു. ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ എം.എൽ.എമാരായ ജി.സ്റ്റീഫൻ, ഡി.കെ മുരളി, മന്ത്രി ജി.ആർ അനിലിന്റെ പ്രതിനിധി എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.
സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ പൊൻമുടി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനസ്ഥാപിക്കണമെന്നും നിർദേശമുയർന്നു. ജനവാസമേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് സോളാർ ഫെൻസിംഗ് നിർമാണം വനംവകുപ്പ് ത്വരിതഗതിയിലാക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ നിർദേശിച്ചു.
പാങ്ങോട്, പെരിങ്ങമല ഭാഗങ്ങളിൽ കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളിൽപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡി.കെ മുരളി എം.എൽ.എ ആവശ്യപ്പെട്ടു.
വെയ്‌ലൂർ വില്ലേജിൽ യു.ഐ.ടി സ്ഥാപിക്കുന്നതിനും ലൈഫ്മിഷന് ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനുമായി ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് വി.ശശി എം.എൽ.എ യോഗത്തിൽ നിർദേശിച്ചു.  കല്ലമ്പലം ജംഗഷ്‌നിൽ അപകടം വർധിക്കുന്നതിനാൽ ട്രാഫിക് സിഗ്നൽ സാധ്യമെങ്കിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആറ്റിങ്ങൽ ദേശീയപാതയിലെ മാർക്കിംഗ് ഉൾപ്പെടെയുള്ള പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും ഒ.എസ് അംബിക എം.എൽ.എ ആവശ്യപ്പെട്ടു.
വി.കെ പ്രശാന്ത് എം.എൽ.എ, എം.പി.മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.