പാലക്കാട് ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടത്തിന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 68 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുന്നതിന്റെ മുഖ്യകണ്ണികളാണ് പച്ചത്തുരുത്തുകളെന്ന് വാണിയംകുളം ത്രാങ്ങാലിയില്‍ ജില്ലാതലം ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.

പാലക്കാട് ജില്ലാ പഞ്ചായത്ത് ഭാരതപ്പുഴ വര്‍ഷമായി പ്രഖ്യാപിച്ച 2022 നവംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ പരിസ്ഥിതി പുനസ്ഥാപനത്തിന്റെയും ഉപജീവന സാധ്യതകള്‍ കണ്ടെത്തുന്നതിന്റെയും സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന്റെയും സമഗ്രജലാസൂത്രണത്തിന്റെയും തരിശുരഹിത കൃഷിയുടെയും ദുരന്ത നിവാരണ പരിപാലന പദ്ധതികളുടെയും ഭാരതപ്പുഴ തടത്തിനുവേണ്ടിയുള്ള സമഗ്ര പ്ലാനുകള്‍ ജില്ലാ പഞ്ചായത്തും നഗരസഭകള്‍ ഉള്‍പ്പെടെയുള്ള ഇതര തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് 14-ാം പഞ്ചവത്സര പദ്ധതിയുടെ അഞ്ചുവര്‍ഷ പദ്ധതികള്‍ക്ക് രൂപം നല്‍കുക. പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാന്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും ഇതര ജനകീയ കൂട്ടായ്മകളുടെയും പ്രവര്‍ത്തനങ്ങള്‍ ഹരിതകേരള ജില്ലാമിഷന്‍ വഴി സംയോജിപ്പിക്കും. ജില്ലയിലെ നാലായിരത്തോളം നീര്‍ച്ചാലുകളുടെ ആവാഹ പ്രദേശങ്ങളില്‍ പുഴപരിപാലന സമിതികള്‍ നിലവില്‍ വരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി കണ്‍വീനറുമായ പി.കെ സുധാകരന്‍ അധ്യക്ഷനായി. ത്രാങ്ങാലി തടയണക്കും ഭാരതപ്പുഴയുടെ ഉരുക്കു തടയണക്കുമുള്ള പാരിസ്ഥിതിക പ്രാധാന്യുമുള്ള പ്രദേശത്താണ് പുതിയ പച്ചത്തുരുത്ത് രൂപം കൊള്ളുന്നത്. പത്മശ്രീ രാമചന്ദ്രപുലവര്‍, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരന്‍, വൈസ് പ്രസിഡന്റ് ശ്രീലത, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.സൂരജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.