കാക്കനാട്: ജാഗ്രത കൈവിടാതെ ജില്ലയിലെ സ്കൂളുകളിൽ പ്രവേശനോത്സവം. ബാഗിൽ സാനിറ്റൈസറും മുഖത്തു മാസ്കുമായി അകലം പാലിച്ച് വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. ബാച്ചുകളായി തിരിച്ച വിദ്യാർത്ഥികളിൽ ആദ്യ ബാച്ചിൽ ഉൾപ്പെട്ട വരാണ് നവംബർ ഒന്നിന് വിദ്യാലയങ്ങളിലെത്തിയത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചായിരുന്നു പ്രവേശനോത്സവം.
മുപ്പത്തടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ തല പ്രവേശനോത്സവം നടന്നു. മന്ത്രി പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതെ അധ്യയനം മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സബ് കലക്ടർ വിഷ്ണു രാജ് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ചു.
ഹരിത പ്രോട്ടോകോൾ പാലിച്ചുള്ള അലങ്കാരങ്ങളും വിദ്യാലയങ്ങളിൽ ഒരുക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് പഠനോപകരണ വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.