പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്‌ക്കൂള്‍, വി.എച്ച്.എസ്.എസ് സ്‌കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കോന്നി ഗവ.എച്ച്എസ്എസില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി 1.45 കോടി രൂപ, ബഞ്ചും ഡസ്‌കും വാങ്ങുന്നതിന് 20 ലക്ഷം രൂപ, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി 30 ലക്ഷം രൂപ, ശുചീകരണത്തിന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള കുട്ടികളാണ് സ്‌കൂളുകളില്‍ എത്തിയത്. കോന്നി ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ ഒന്നാം ക്ലാസിലെത്തിയ കുരുന്നുകള്‍ക്ക് പൂക്കള്‍ നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകരും ചേര്‍ന്ന് വരവേറ്റു. കൂടാതെ ഒന്നാം ക്ലാസിലെ 30 കുട്ടികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ 1600

വിദ്യാര്‍ഥികളാണുള്ളത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ റാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം അജോ മോന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസീമണിയമ്മ, കെ.ജി ഉദയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ഫൈസല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, എ.ഇ.ഒ കുഞ്ഞുമൊയ്തീന്‍ കുട്ടി, പി.ടി.എ പ്രസിഡന്റ് എന്‍. അനില്‍ കുമാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.