മഴയും കാറ്റും തകര്‍ത്ത കിഴക്കന്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ നാശനഷ്ടം വിലയിരുത്തി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. അടിയന്തര പ്രാധാന്യമുളള ആശ്വാസ നടപടികള്‍ കാലതാമസം കൂടാതെ നടപ്പാക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. നാശനഷ്ടത്തിന്റെ തോത് കണക്കാക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. പുനലൂരില്‍ കല്ലട ആറിന്റെ തീരത്ത് ശിവന്‍ കോവിലിന് സമീപം കനത്ത മഴയില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് സംഭവിച്ച നാശനഷ്ടവും പരിഹാര നടപടികളും സംബന്ധിച്ച റിപോര്‍ട്ട് നല്‍കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വീണ്ടും അപകട സാധ്യതയുണ്ടെങ്കില്‍ അതും വ്യക്തമാക്കണം. ആറിന്റെ കരഭിത്തി കെട്ടുന്നത് സംബന്ധിച്ച വിവരവും കൈമാറണം. തെന്മല അണക്കെട്ടിലെ ജലനിരപ്പില്‍ വരുന്ന മാറ്റത്തിന് അനുസൃതമായി മാത്രം വെള്ളം ഒഴുക്കണം. നിലവിലെ സ്ഥിതി ആശങ്കാജനകമല്ല. 13 കണ്ണറ പാലത്തിന് സമീപം എം. എസ്. എല്ലില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കണം.


ഇടപ്പാളയം ആറുമുറിക്കട നാല് സെന്റ് കോളനിയിലെ വെള്ളപ്പാച്ചിലില്‍ തകര്‍ന്ന പ്രദേശത്തെ സുരക്ഷാക്രമീകരണം സംബന്ധിച്ച് മൈനര്‍ ഇറിഗേഷന്‍ റിപോര്‍ട്ട് നല്‍കണം. കുടിവെള്ള പ്രശ്‌ന പരിഹാരത്തിന് പഞ്ചായത്തിന്റെ ഇടപെടലുമുണ്ടാകണം.
കനത്ത മഴയുളളപ്പോള്‍ ആശ്രയ കോളനിയിലെ വീടുകള്‍ താസമയോഗ്യമാണോ എന്ന് ജിയോളജിസ്റ്റിന്റെ റിപോര്‍ട്ട് അടിസ്ഥാനമാക്കി തീരുമാനിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ ഇവിടയുള്ളവരെ താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റും.

ഇടപ്പാളയത്തെ ഉരുള്‍പൊട്ടല്‍ മേഖലയിലെ അവശിഷ്ടം തദ്ദേശസ്ഥാപനങ്ങള്‍ ഇടപെട്ട് നീക്കം ചെയ്യണം. ഇവിടെ വീണ്ടും ദുരന്തസാധ്യതയുണ്ടോ എന്നത് സംബന്ധിച്ച് ജിയോളജിസ്റ്റ് വിവരശേഖരണം നടത്തണം. നിര്‍ദ്ദേശാനുസരണമുള്ള റിപോര്‍ട്ടുകള്‍ അടിയന്തരമായി കൈമാറാനാണ് നിര്‍ദ്ദേശം. സ്ഥിതിഗതി വിലയിരുത്താനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി വിവിധ വകുപ്പ് മേധാവികളുടേയും തദ്ദേശസ്ഥാപന ഭാരവാഹികളുടേയും യോഗം വിളിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.


തഹസില്‍ദാര്‍മാരായ കെ. എസ്. നസിയ, അജിത്ത് ജോയി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. രാജേന്ദ്രന്‍ പിള്ള, ദുരന്തനിവാരണ അതോറിറ്റി സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ ടെസിമോന്‍, മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശിവശങ്കര്‍, വില്ലേജ് ഓഫീസര്‍ തോമസ് ജോണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ഷാലു, റവന്യു ജീവനക്കാരായ അരുണ്‍ കുമാര്‍, ബിജു പിള്ള, പ്രകാശ് സെബാസ്റ്റ്യന്‍ എന്നവരും പരിശോധനയില്‍ പങ്കെടുത്തു