ജില്ലാ പ്രവേശനോത്സവം കാണക്കാരിയിൽ നടന്നു

കോട്ടയം: പഠനം മികവുറ്റതാക്കാൻ സ്‌കൂളുകൾക്കും വിദ്യാർഥികൾക്കും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി കാണക്കാരി ഗവൺമെന്റ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കോട്ടയം ജില്ലാ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കോവിഡാനന്തര കാലമെന്ന പുതിയ അദ്ധ്യായമാണ് വിദ്യാർഥികൾക്കു മുമ്പിൽ തുറക്കപ്പെട്ടിരിക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. സൗഹൃദത്തിന്റെ പുത്തൻ രീതികൾ വിദ്യാർഥികൾ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഓൺലൈൻ മുഖേന മുഖ്യപ്രഭാഷണം നടത്തി.

നവീകരിച്ച വായനാമുറിയുടെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ് സ്‌കൂൾ മാഗസിൻ പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ ആർ. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, വി.എച്ച്.എസ്.സി. അസിസ്റ്റന്റ് ഡയറക്ടർ ലിജി ജോസഫ്, കടുത്തുരുത്തി ഡി.ഇ.ഒ. ടി. രാജു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ്, കുറവിലങ്ങാട് എ.ഇ.ഒ. ഇ.എസ്. ശ്രീലത, തദ്ദേശസ്ഥാപന പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. മുട്ടമ്പലം ഗവൺമെന്റ് യു.പി.എസിൽ നടന്ന പ്രവേശനോത്സവം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു.