കോവിഡ് പശ്ചാത്തലത്തില്‍ നീണ്ട ഇടവേള കഴിഞ്ഞു സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് പിന്തുണയേകാന്‍ പൊലീസും രംഗത്ത്. കോവിഡ് വിട്ടു പോകാത്ത സാഹചര്യത്തില്‍ പാലിക്കേണ്ട ശീലങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന വിവരങ്ങളടങ്ങിയ കാര്‍ഡ് വിതരണം ചെയ്താണ് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ ആയ കൊല്ലം ഈസ്റ്റിലെ പൊലീസുകാര്‍ കൊച്ചു കൂട്ടുകാരെ വരവേറ്റത്.

സ്റ്റേഷന്‍ പരിധിയിലെ 23 സ്‌കൂളുകളില്‍ കാര്‍ഡും മിഠായിയും വിതരണം ചെയ്തു. കയ്യില്‍ സൂക്ഷിക്കാവുന്ന വലിപ്പത്തിലുള്ള കാര്‍ഡിന്റെ ഒരുവശത്ത് കോവിഡ് മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പും , കോവിഡ് കാലത്ത് മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്കായി ‘ചിരി’ ഹെല്‍പ്പ്‌ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്.

മറുവശം കുട്ടികള്‍ക്ക് ടൈംടേബിള്‍ എഴുതാന്‍ ഉപയോഗിക്കാം. എസ്.എച്ച്.ഒ ആര്‍. രതീഷ്, എസ്.ഐ മാരായ രതീഷ് കുമാര്‍. ആര്‍. ഹരിദാസ്, സി. ആര്‍. രജീഷ്, ശിവദാസന്‍ പിള്ള, ശിശുസൗഹൃദ പോലീസ് ഓഫീസര്‍ ബിനു, അഭിലാഷ്, വിനീത,അന്‍ഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.