കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് ഉല്പാദനശേഷിയുളള കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ സ്വിച്ച് ഓണ്‍കര്‍മം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കക്കയത്ത് നിലവിലുളള 100 മെഗാവാട്ട് സ്ഥാപിത ശേഷിയുളള കുറ്റ്യാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയില്‍ നിന്ന് വൈദ്യൂതി ഉല്പാദിപ്പിച്ചതിന് ശേഷം പുറത്തുവിടുന്ന വെളളം തടയണ നിര്‍മിച്ച് കനാലിലൂടെ ഒഴുക്കി ഫോര്‍ബേ ടാങ്കില്‍ എത്തിച്ച് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പവര്‍ ഹൗസില്‍ എത്തിച്ച് രണ്ട് ജനറേറ്ററുകളിലൂടെ പ്രതിവര്‍ഷം 10.39 ദശലക്ഷം യൂണിറ്റ് വൈദ്യൂതി ഉല്പാദിപ്പിക്കുന്ന പദ്ധതിയാണ് കക്കയം ചെറുകിട ജലവൈദ്യൂത പദ്ധതി. 2011 മാര്‍ച്ചില്‍ ആണ് പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ രൂപകല്പന ചെയ്തതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ എം.എന്‍.ആര്‍.ഇ ഫണ്ടില്‍ നിന്നും 3.30 കോടി പദ്ധതിക്ക് ഗ്രാന്റ് ആയി അനുവദിച്ചു. ഇതില്‍ 2.97 കോടി രൂപ ലഭിച്ചു.

കക്കയം കെ.എസ്.ഇ.ബി കോളനി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ ഇറിഗേഷന്‍ സിവില്‍ ആന്റ് എച്ച്,ആര്‍.എം, എസ്. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രതിഭ, കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിന്‍സി തോമസ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാണി നന്തളത്ത് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്‍ഡ്രൂസ് കടിക്കാന, രാഷ്ട്രീയ കക്ഷി നേതാക്കളായ, ഇസ്മയില്‍ കുറുമ്പൊയില്‍ അഗസ്റ്റിന്‍ കാരക്കട, വി.എസ്.ഹമീദ് രാജേഷ് കായണ്ണ, പി.സുധാകരന്‍ മാസ്റ്റര്‍, അരുണ്‍ജോസ് തോമസ് പോക്കാട്ട് എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി കോര്‍പ്പറേറ്റ് പ്ലാനിംഗ് ഡയറക്ടര്‍ എന്‍.വേണുഗോപാല്‍ സ്വാഗതവും ചീഫ് എഞ്ചിനീയര്‍ ബി.ഈശ്വരനായിക്ക് നന്ദിയും പറഞ്ഞു.
പദ്ധതിയുടെ വിജയത്തിനായി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജോലി ചെയ്ത 18 ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുമെന്ന് മന്ത്രി എം.എം. മണി ചടങ്ങില്‍ പ്രഖ്യാപിച്ചു. പദ്ധതിയുടെ കരാറുകാര്‍ക്കും പ്രൊജക്ട് മാനേജര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.