കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഔഷധോദ്യാനം നിര്‍മ്മിച്ച് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി പുനരുജ്ജീവനം എന്ന ആശയത്തിലൂന്നി വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ ഹരിപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഔഷധോദ്യാനം നിര്‍മ്മിച്ചത്. ആയുഷ് മിഷന്റെ ഭാഗമായി അമ്പലത്തുകര ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലും പഞ്ചായത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം ഒരുക്കിയിരുന്നു.

ഇരുപതോളം ചട്ടികളിലായി പനിക്കൂര്‍ക്ക, കറ്റാര്‍വാഴ, വാതംകൊല്ലി, കുറുന്തോട്ടി, കീഴാര്‍നെല്ലി, രാമച്ചം, തഴുതാമ, ഇഞ്ചി തുടങ്ങിയ സസ്യങ്ങളും, മറ്റ് അപൂര്‍വ്വയിനം ഔഷധ സസ്യങ്ങളും ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.വി. കരിയന്‍ അധ്യക്ഷത വഹിച്ചു.

ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ എം.വി. നാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീജ, ഫാര്‍മസിസ്റ്റ് അനില്‍ കുമാര്‍ കെ, യൂത്ത് കോര്‍ഡിനേറ്റര്‍ എന്‍. പ്രകാശന്‍, എച്ച്എംസി മെമ്പര്‍മാരായ പി.പരമേശ്വരന്‍, കെ. കുഞ്ഞിക്കണ്ണന്‍, ഗോപിനാഥന്‍ കൊടവലം, എ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.