പവര്‍കട്ടില്ലാത്തത് സര്‍ക്കാറിന്റെ നേട്ടം

സംസ്ഥാനത്ത് ഊര്‍ജ സ്വയം പര്യാപ്തതക്കായി കുടുതല്‍ ചെറുകിട ജലവൈദ്യൂതി പദ്ധതികള്‍ പരമാവധി തുടങ്ങുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കക്കയം ചെറുകിട ജല വൈദ്യൂതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവൈദ്യൂതി പദ്ധതികളെയാണ് സര്‍ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുന്നത്. തടസ്സമുളളത് നീക്കികൊണ്ടിരിക്കുകയാണ്. പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കും. മറ്റു വൈദ്യൂതി പദ്ധതികളെ അപേക്ഷിച്ച് ചെലവ് കുറച്ച് ജനങ്ങള്‍ക്ക് വൈദ്യുതി കൊടുക്കാന്‍ കഴിയുന്നതാണ് ജലവൈദ്യുത പദ്ധതി.

ആതിരപ്പളളി പദ്ധതി എല്ലാ അംഗീകാരം ഉണ്ടെങ്കിലും എതിര്‍പ്പുകള്‍ കാരണം തുടങ്ങാന്‍കഴിയുന്നില്ല. സാങ്കേതികത്ത്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഊര്‍ജ പ്രതിസന്ധി മറികടക്കുന്നതിനാണ് സംസ്ഥാനത്ത് ഊര്‍ജ മിഷന്‍ കേരള ആരംഭിക്കുന്നത്. അഞ്ചിനമാര്‍ഗങ്ങളാണ് ഇതില്‍ നിര്‍ദ്ദേശിക്കുന്നത്. ആയിരം മെഗാവാട്ട് വൈദ്യുതി സൗരോര്‍ജം ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ 130 മെഗാവാട്ടാണ് സോളാര്‍ എനര്‍ജി വഴി ഉല്പാദിപ്പിക്കുന്നത്. 500 മെഗാവാട്ട് പുരപ്പുറം പദ്ധതിയില്‍ ഉല്‍പ്പെടുത്തി ഉല്പാദിപ്പിക്കും.പരിസ്ഥിതി സൗഹൃദമായ രീതിയില്‍ പരമാവധി ചെറുകിടയിലെ വൈദ്യുതി പദ്ധികള്‍ ആരംഭിക്കുന്നതിനോടൊപ്പം സൗരോര്‍ജ്ജ വൈദ്യൂതി പൊതുജന സഹകരണത്തോടെ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളും പൊതുജനങ്ങളും സൗരോര്‍ജം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന അധിക വൈദ്യുതി വൈദ്യുതി ബോര്‍ഡ് ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതു സമൂഹത്തില്‍ ഊര്‍ജ രംഗത്ത് പുതിയ ചലനമുണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ പദ്ധതികള്‍ എല്ലാവര്‍ക്കും ആരംഭിക്കുന്നതിന് സഹായം വൈദ്യുതി ബോര്‍ഡ് നല്‍കുമെന്ന് മന്ത്രി.

തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭം കോടികണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടാകുന്നത്. കാറ്റുണ്ടായാല്‍ പ്രതിസന്ധിയുണ്ടാകുന്നു. ഓഖി ദുരന്തത്തിലും വലിയ നാശനഷ്ടമുണ്ടായി. വൈദ്യുതി വിഭാഗം ജീവനക്കാരില്‍ ഭൂരിപക്ഷവും ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീ കരണം നടത്തിയും വൈദ്യുതി കട്ടില്ലാതെയും ലോഡ്‌ഷെഡിംഗ് ഇല്ലാതെയും സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നത് സര്‍ക്കാറിന്റെ നേട്ടമാണ്. 8.5 ലക്ഷം വൈദ്യുതി കണക്ഷന്‍ സംസ്ഥാന മന്ത്രിസഭ അധികാരത്തില്‍ വന്നശേഷം കൊടുത്തു. ഊര്‍ജ്ജം പരമ പ്രധാനമാണ്. നിത്യജീവിതത്തിലും സാമൂഹിക പുരോഗതിയിലും അതിപ്രധാനമാണ്. ഊര്‍ജം ഏതു മാര്‍ഗത്തിലും ഉല്പാദിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ 18 ജീവനക്കാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നല്ലസേവനം നല്‍കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കും. പ്രവര്‍ത്തിക്കാത്തവരെ തുറന്നുകാട്ടും.

ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി മുന്നേറുന്ന സര്‍ക്കാറിന്റെ പ്രയാണത്തിലെ ഒരു നാഴിക ക്കല്ലാണ് കക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബാലുശ്ശേരി മണ്ഡലം എം.എല്‍.എ യുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക് അനുവദിച്ചിരുന്നു. അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വൈദ്യുതി വകുപ്പ് റിക്കാര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. വിവാദങ്ങളില്‍ കുടുക്കി വൈദ്യുതി പദ്ധതികളെ മുടക്കാന്‍ ശ്രമിക്കുന്നത് നാടിന്റെ പുരോഗതിക്ക് തടസ്സമാകും. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഊര്‍ജ്ജ പദ്ധതികള്‍ ആവശ്യമാണെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി അധ്യക്ഷത വഹിച്ചു.