ശാരീരിക വിഷമതകള്‍ കവര്‍ന്നെടുത്ത ജീവിത സ്വപ്നങ്ങളെ തിരിച്ചു പിടിച്ച് ഇക്കഴിഞ്ഞ സാക്ഷരത മിഷന്‍ തുല്യത പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി പ്രവീണ്‍ എസ് പിള്ള. പത്തനംതിട്ട ജില്ലയില്‍ പുരമറ്റം പഞ്ചായത്തില്‍ കിഴക്കേകൂട്ട് വീട്ടില്‍ നിന്നാണ് പ്രവീണ്‍ എസ് പിള്ള കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്ററി തുല്യത കേന്ദ്രത്തില്‍ പഠിക്കാനെത്തിയത്.

ശാരീരിക ബുദ്ധിമുട്ടാലും സാമ്പത്തിക പ്രതിസന്ധികളാലും ആറാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന പ്രവീണിനെ പഠനം എന്ന സ്വപ്ന സാക്ഷത്കാരത്തിലേക്ക് നയിച്ചത് സാക്ഷരത മിഷന്‍ തുല്യത കോഴ്സുകളാണ്. 2018 ല്‍ സാക്ഷരത മിഷന്‍ ഏഴാം തരവും ഇപ്പോള്‍ പത്താം തരവും വിജയിച്ചിരിക്കുന്ന 39 വയസുകാരനായ പ്രവീണിന് സ്ഥിര വരുമാനമുള്ള ഒരു ജോലി കരസ്ഥമാക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

ജില്ലയില്‍ 188 പേര്‍ പരീക്ഷയെഴുതിയതില്‍ 57 പുരുഷന്‍മാരും 93 സ്ത്രീകളും 2 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 152 പേര്‍ വിജയിച്ചു. വിജയിച്ചവരില്‍ 53 എസ്‌സി പഠിതാക്കളും നാല് എസ്ടി പഠിതാക്കളുമുണ്ട്. വിജയശതമാനം 81 ആണ്. ടി.ജി പഠിതാക്കള്‍ക്കായുള്ള സാക്ഷരതമിഷന്‍ പഠനവീട്ടില്‍ താമസിച്ചു കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരീക്ഷയ്ക്ക് തയ്യാറായത്.