കോവിഡ് 19 ഒന്നാം തരംഗം മുതൽ രോഗികളുടെ ചികിത്സയും ക്വാറന്റൈൻ സംവിധാനങ്ങളും ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനായി പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവ.സംഗീത കോളേജിൽ പ്രവർത്തിച്ചിരുന്ന ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റ് നിർത്തി വെച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു.
രോഗവ്യാപന നിരക്ക് കുറയുകയും കോവിഡ് ബ്രിഗേഡിയറായി പ്രവർത്തിച്ചിരുന്ന ജീവനക്കാരെ സർക്കാർ പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവർത്തനം നിർത്തിയത്. നവംബർ 1 മുതൽ കോവിഡ് രോഗികളുടെ ക്വാറന്റൈൻ, ചികിത്സാ സംവിധാനം എന്നിവ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അതത് തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതർ സ്വീകരിക്കും.
ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ട് യൂണിറ്റ് പ്രവർത്തനത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ എല്ലാ ക്രമീകരണങ്ങളും അതത് വകുപ്പുകൾക്ക് തിരികെ കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഒറ്റപ്പാലം സബ് കലക്ടർ, ഡി.പി.എം.എസ്.യു നോഡൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.