പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 920 വാര്‍ഡുകളിലായി 906 ഓക്‌സിലറി ഗ്രൂപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും 13834 പേര്‍ അംഗങ്ങളാകുകയും ചെയ്തു. 98.44% ഓക്‌സിലറി ഗ്രൂപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുവാന്‍ സാധിച്ചു.

ജില്ലാതല പ്രഖ്യാപനം പത്തനംതിട്ട കുമ്പഴ ഹോട്ടല്‍ ഹില്‍സ് പാര്‍ക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എല്‍.ഷീല സ്വാഗതവും അസ്സി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന, ഓക്‌സിലറി ഗ്രൂപ്പ് സ്റ്റേറ്റ് ആര്‍.പി: ഡി.ശിവദാസന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. സംഘടന ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ കൃതഞ്ജതയും അറിയിച്ചു. എല്ലാ ജില്ലാ പ്രോഗ്രാം മാനേജര്‍മാരും ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരും വിവിധ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ഓക്‌സിലറി ഗ്രൂപ്പ് പ്രവര്‍ത്തനം എങ്ങനെ?

അഭ്യസ്തവിദ്യരായ യുവതികളുടെ നൈപുണ്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് മാനവ വിഭവശേഷി വര്‍ധിപ്പിച്ച് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തിന്റെ സര്‍ക്കാര്‍ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ യോഗ്യതയുള്ള യുവതികളുടെ സാമൂഹ്യപരവും തൊഴില്‍ പരവുമായ നൈപുണ്യങ്ങളെ വികസിപ്പിക്കാനുള്ള അവസരത്തിന്റെ കുറവ് പ്രത്യേകിച്ച് കുടുംബശ്രീ സംവിധാനത്തില്‍ അംഗങ്ങള്‍ അല്ലാത്തവരില്‍ വര്‍ധിക്കുന്നുണ്ട്. ഈ ഒരു സാഹചര്യം മറികടക്കാനാണ് ഓക്‌സിലറി ഗ്രൂപ്പ് സഹായകരമാകുന്നത്.

സ്ത്രീ ശാക്തീകരണം, യുവതികളുടെ കുടുംബങ്ങളിലെ സാമ്പത്തിക വികസനം, അതിലൂടെ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കുന്നു. പൂര്‍ണ്ണമായും സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള സ്വയം ചലിക്കുന്ന ഗ്രൂപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ നൈപുണ്യ പരിശീലനം നല്‍കി വനിതകള്‍ക്ക് ഉപജീവനം ഉറപ്പാക്കുക. ഓരോ അംഗത്തിന്റേയും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള ഇടമായി ഗ്രൂപ്പ് മാറ്റുക. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സ്ത്രീകളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കാനുമുള്ള വേദിയായി ഈ ഗ്രൂപ്പ് മാറുക.

നിലവിലുള്ള നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക. ഉപജീവന നൈപുണ്യ ആസൂത്രണ പ്രക്രീയകളില്‍ നിര്‍വഹണ കാര്യങ്ങളിലും ജില്ലാ മിഷന്റെ വിവിധ പദ്ധതികളുമായി (മൈക്രോ സംരംഭം, എസ്.വി.ഇ.പി, മാര്‍ക്കറ്റിംഗ്, ഫാം ലൈവ്‌ലിഹുഡ്, ആനിമല്‍ ഹസ്ബന്ററി, ഡി.ഡി.യു.ജി.കെ.വൈ) സംയോജിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തന ലക്ഷ്യം.