കൊച്ചി: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 12 മുതല്‍ ഒക്‌ടോബര്‍ 26 വരെ ജില്ലാ ആസ്ഥാന ഓഫീസുകള്‍ കേന്ദ്രീകരിച്ച് ‘നോ നോക്കുകൂലി 21’ എന്ന പേരില്‍ നോക്കുകൂലി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി സബ് ഓഫീസ് തലത്തില്‍ സംസ്ഥാന 106 സബ് ഓഫീസുകളില്‍ നോക്കുകൂലി വിരുദ്ധ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഈ നോക്കുകൂലി വിരുദ്ധ യജ്ഞത്തില്‍ ചുമട്ടു തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴിലുടമാ പ്രതിനിധികള്‍ പങ്കെടുക്കുകയും നോക്കുകൂലി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്യും. ചെയ്യാത്ത ജോലിയ്ക്ക് കൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ഇതില്‍ ഏര്‍പ്പെടുന്ന ചുമട്ടു തൊഴിലാളികളുടെ 6എ കാര്‍ഡ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു.