മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടുത്തിടെ എം.എസ്. ഇ.എൻ.ടി.യ്ക്ക് 2 സീറ്റുകൾ അനുവദിച്ചിരുന്നു. ഈ വർഷം തന്നെ ഇ.എൻ.ടി. പി.ജി. കോഴ്‌സുകൾ ആരംഭിക്കാൻ സാധിക്കും. ഇതിലൂടെ ഇ.എൻ.ടി. വിഭാഗത്തിൽ നൂതന ചികിത്സകൾ വരുംകാലങ്ങളിൽ ജനങ്ങൾക്ക് ലഭ്യമാകും. എം.എസ്. ഒഫ്ത്താൽമോളജി കോഴ്‌സിന് എത്രയും വേഗം അന്തിമാനുമതി വാങ്ങി ഈ വർഷം തന്നെ അഡ്മിഷൻ തുടങ്ങാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. 2013ൽ ഈ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകൾക്ക് അനുമതി ലഭ്യമായത് ഈ വർഷമാണ്. എം.എസ്. ഒഫ്ത്താൽമോളജി കോഴ്‌സ് ആരംഭിക്കുന്നതോടെ നേത്രരോഗങ്ങൾക്കും വരും കാലങ്ങളിൽ നൂതന ചികിത്സ മെഡിക്കൽ കോളേജിൽ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.