കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വായ്പകള്‍ക്ക് സബ്സിഡി ലഭിക്കും. ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം. പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപ.
ജനറല്‍ വിഭാഗം പുരുഷന്‍മാര്‍ക്ക് പദ്ധതി ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പദ്ധതി ചെലവിന്റെ 30 ശതമാനവും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവുമാണ് മാര്‍ജിന്‍ മണി. ജനറല്‍ വിഭാഗത്തിലെ പുരുഷന്മാര്‍ പദ്ധതി ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മുടക്കായി വിനിയോഗിക്കണം.
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് അഞ്ച് ശതമാനമാണ്. പിന്നാക്ക വിഭാഗത്തിലുള്ളവരും പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2472896.