ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
മേൽപ്പാലത്തിന്റെ നിർമ്മാണം മൂലമുണ്ടാകാനിടയുള്ള ഗതാഗത തടസം ഒഴിവാക്കുന്നതിനായുള്ള ക്രമീകരണം നടത്തുന്നതിനായായിരുന്നു യോഗം. എം എൽ എ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എന്നിവർ അടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.
പൊലീസ് മേധാവികൾ, മറ്റ് അനുബന്ധ ഓഫീസർമാർ, നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

തൃശൂരിൽ നിന്ന് വരുന്ന ബസുകൾക്ക്
റെയിൽവേ ക്രോസിന് സമീപം കൊളാടിപ്പടി പ്രദേശത്ത് നിർത്തിയിടാനുള്ള സൗകര്യം ഒരുക്കും. അതിനായി നഗരസഭ പരിസര പ്രദേശത്തെ മറ്റ് സ്ഥാപനങ്ങളുമായി ഇന്ന് (5-11-2021) ചർച്ച നടത്തും.
നിർമ്മാണ സ്ഥലത്തെ വാട്ടർ അതോറിറ്റിയുടെയും പിഡബ്ല്യുഡിയുടെയും പ്രവൃത്തികൾ നവംബർ 10ന് മുൻപ് തന്നെ ആരംഭിക്കാൻ യോഗം നിർദേശം നൽകി. ബസ്സുടമകൾ, ടാക്സി, ഓട്ടോ തൊഴിലാളികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കും. കൂടാതെ മേൽപ്പാല നിർമ്മാണ പ്രവൃത്തി എല്ലാ ആഴ്ചയും മോണിറ്റർ ചെയ്യുന്നതിന് ഗുരുവായൂർ നഗരസഭാ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഗുരുവായൂരിൽ മണ്ഡല മകരവിളക്ക് സീസൺ നവംബർ 15ന് ആരംഭിക്കുന്നതിനാൽ മേൽപ്പാല നിർമ്മാണം, അമൃത് കുടിവെള്ള പദ്ധതി തുടങ്ങിയ പ്രവൃത്തികൾക്കായി റോഡുകൾ അടക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് കാര്യക്ഷമമായ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ എസിപി, തഹസിൽദാർ എന്നിവരെയും ചുമതലപ്പെടുത്തി.

ഡെപ്യൂട്ടി കലക്ടർ സി ടി യമുനദേവി, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ ജി സുരേഷ്, പി ഡബ്ല്യു ഡി എഇ കെ ജി സന്ധ്യ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ ഇ എൻ സുരേന്ദ്രൻ, കെ കെ വാസുദേവൻ, പി ജയപ്രകാശ്, സജിത, എച്ച് ജെ നീലിമ, റവന്യൂ ഓഫീസർ എം മനോജ്, ഗുരുവായൂർ വില്ലേജ് ഓഫീസർ കെ ആർ സൂരജ്, ചാവക്കാട് തഹസിൽദാർ എം സന്ദീപ്, വില്ലേജ് അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ, ടെമ്പിൾ എസ് ഐ ഗിരി, പൊലീസ് ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മേൽപ്പാല നിർമ്മാണ പ്രവൃത്തി 9 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് നിർമ്മാണ ഏജൻസിയായ ആർ ബി ഡി സി കെ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.