കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി കേരള സ്റ്റേറ്റ് ഐ. റ്റി. ഇൻഫ്രാസ്ട്രെക്ച്ചർ ലിമിറ്റഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും തമ്മിൽ ഏർപ്പെട്ട കരാറിലെ ‘പെയ്മെന്റ് മൈൽസ്റ്റോൺസ്’ ഭേദഗതി ചെയ്യാൻ മ്ന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ ‘പോയിന്റ് ഓഫ് പ്രസൻസി’നും ആവശ്യമായ ബിൽ തുകയുടെ 70% വരെ നൽകുന്നതിനും ബാക്കിവരുന്ന 30% തുക ജില്ലയിലെ പദ്ധതിയുടെ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ പ്രകാരമുള്ള മുഴുവൻ മൈൽസ്റ്റോൺസും പൂർത്തീകരിക്കുന്ന മുറയ്ക്ക് നൽകാൻ കഴിയുന്ന വിധത്തിൽ പദ്ധതിയുടെ കരാർ പ്രകാരമുള്ള പെയ്മെന്റ് മൈൽസ്റ്റോൺസിൽ ഭേദഗതി വരുത്തും.
——-
സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ / സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലെയും മാനേജിംഗ് ഡയറക്ടർ/സെക്രട്ടറി/ഡയറക്ടർ/ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഉയർന്ന പ്രായപരിധി 65 വയസ്സായി പുതുക്കി നിശ്ചയിക്കുവാൻ തീരുമാനിച്ചു. സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിൽ നിയമത്തിലോ ചട്ടങ്ങളിലോ ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകൾ ഉണ്ടെങ്കിൽ അതാത് സ്റ്റാറ്റിയൂട്ടറി അഥവാ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന പ്രകാരമായിരിക്കും ഉയർന്ന പ്രായപരിധി. ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും.
——
ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ആലപ്പുഴ പാണാവള്ളി സ്വദേശി ചന്ദ്രന്റെ മകൾ കുമാരി അനഘ, ബാബുവിന്റെ മകൾ കുമാരി ചന്ദന, സാബുവിന്റെ മകൾ സാഹി, അനിരുദ്ധന്റെ മകൾ അർച്ചന എന്നിവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 50,000 രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു.
——-
തിരുവനന്തപുരം പാങ്ങാപ്പാറയിൽ പ്രവർത്തിക്കുന്ന സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ച്ഡ് എന്ന സ്ഥാപനത്തിൽ ഒരു അക്കൗണ്ട്സ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ച് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ നിയമനം നടത്തും.