പരിശോധനക്കെത്തുന്നവര്‍ വളരെ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളവര്‍ക്ക് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരമാണ് യോഗം ചേര്‍ന്നത്.

മംഗല്‍പാടിയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് വരുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിന് ആവശ്യപ്പെടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നതിന് നിര്‍വാഹമില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ ആര്‍.ടി.ഒ യെ ചുമതലപ്പെടുത്തി.

ഉല്‍സവ സ്ഥലങ്ങളില്‍ സ്റ്റാള്‍ കെട്ടി കച്ചവടം നടത്തുന്നതിനുള്ള അനുമതിക്കായി ജില്ലാ മൊബൈല്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കച്ചവടം നടത്താവുന്നതാണെന്ന് തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതാണെന്ന് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ സമ്മതപത്രം നല്‍കിയ ശേഷം തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള രേഖാമൂലമുള്ള അനുമതി വാങ്ങണം. രണ്ടാഴ്ച ഇപ്രകാരം അനുമതി നല്‍കിയ ശേഷം പോലീസ് റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റം വരുത്തുന്നതാണ്.

കോവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനായി നിയമിച്ച താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഒരു മാസത്തേക്ക് കൂടി തുടരും. ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രിക്ക് എന്‍.എച്ച്.എം ഫണ്ട് ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതിനാല്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കും. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഡി.എം.ഒ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. ഇ. മോഹനന്‍, മറ്റ് ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.