തിരുവനന്തപുരം: കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 9 (ചൊവ്വാഴ്ച) രാവിലെ 9ന് ആറ്റിങ്ങല്‍ ചെമ്പകമംഗലത്തെ കണിമംഗലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എം.ജി.എന്‍.ആര്‍.ഇ.എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
പരമ്പരാഗത വ്യവസായമായ കയറിന് ആഭ്യന്തര വിപണി കണ്ടെത്തുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രവിതാനം ഉപയോഗിക്കുന്നു. ഭൂവസ്ത്രവിതാനത്തിന്റെ പ്രാധാന്യവും  ഭൂവസ്ത്രവിതാനത്തിന്റെ സാങ്കേതിക വശങ്ങളും പരിചയപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.
കയര്‍ഫെഡ് പ്രസിഡന്റ് എന്‍.സായികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത്ഖോസ, കയര്‍വികസന വകുപ്പു ഡയറക്ടര്‍ വി.ആര്‍ വിനോദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.