ഉൾനാടൻ മത്സ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് ഫിഷറീസ് ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ് കേന്ദ്രീകരിച്ച് ആരംഭിച്ച മത്സ്യ സംസ്കരണ പ്ലാന്റ്(മിമി ഫിഷ്), ഫ്രഷ് ഫിഷ് സ്റ്റാൾ, മിമി -ഡ്രിഷ് മൊബൈൽ യൂണിറ്റ്‌ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ടൂറിസം, ഫിഷറീസ് എന്നീ വകുപ്പുകളെ അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ ഭാവി നിലനിൽക്കുന്നത്. ഈ വകുപ്പുകളിൽ നൂതന പദ്ധതികൾ ആവിഷ്കരിച്ച് കേരളത്തെ സമ്പന്ന സംസ്ഥാനമാക്കി മാറ്റാൻ സാധിക്കും. സമുദ്ര മത്സ്യോൽപാദനം വർധിപ്പിക്കണം. മത്സ്യ വിപണനം തദ്ദേശീയമായി വിപുലപ്പെടുത്തണം. ലോകത്തെമ്പാടുമുള്ള ആളുകൾക്ക് മത്സ്യം എത്തിച്ചു നൽകാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പരിവർത്തനം പദ്ധതിയിലൂടെ മൂല്യവർദ്ധിത ശുദ്ധ മത്സ്യ ഉൽപ്പന്നങ്ങൾ, ഉണക്കമത്സ്യ ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, അന്തരീക്ഷോഷ്മാവിൽ രണ്ടു വർഷം വരെ സൂക്ഷിക്കാൻ കഴിയുന്ന റിട്ടോർഡ് പായ്‌ക്കിലുള്ള മീൻകറി എന്നിവ ഗുണഭോക്താക്കളിൽ എത്തിച്ചു വരുന്നുണ്ട്.

മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുക, മത്സ്യോത്പന്നങ്ങൾക്ക് വില സ്ഥിരത ഉറപ്പാക്കുക, പൊതുജനങ്ങൾക്ക് മായമില്ലാത്ത മത്സ്യം ഓൺലൈനായി ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ചടങ്ങിൽ പി.സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷനായി. മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയായി. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, ജനപ്രതിനിധികളായ വിനീതകുമാരി, അർജുനൻ പിള്ള, ഷെർലി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ. സുരേഷ് ബാബു,ഐ.സി.എ. ആർ-സി.ഐ.എഫ്.റ്റി ഡയറക്ടർ ഡോ. സി.എൻ രവിശങ്കർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ ഷെയ്ക് പരീത്, കൊറ്റങ്കര പഞ്ചായത്ത് സെക്രട്ടറി റ്റി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.