വിദ്യാര്‍ത്ഥികള്‍ക്ക് മെഷീന്‍ ലേണിംഗ് കോഴ്‌സ് നല്‍കുന്നതിനായി ഓരോ എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും അധ്യാപകരെ തിരഞ്ഞെടുത്തു പരിശീലകരാക്കുന്ന പദ്ധതി തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ആരംഭിച്ചു.
മാര്‍ ബസേലിയസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി റീത്ത എസ് പ്രഭ സ്വാഗതവും മാര്‍ ബസേലിയസ് കോളേജ് ബര്‍സര്‍ റവ: ഫാദര്‍ ജോണ്‍ വിലയില്‍, ഡോ. സുരേഷ് കെ, അസാപ് ബി.ഡി.യു മേധാവി സുശീല ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. അസാപ് പ്രോഗ്രാം മാനേജര്‍ നിമ്മി ജോര്‍ജ് നന്ദിയും പറഞ്ഞു.
എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥികളെ ആധുനിക തൊഴില്‍ മേഖലകളില്‍ പരിശീലിപ്പിച്ച് അവരെ തൊഴില്‍ സജ്ജരാകുന്ന സംരംഭമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി അസാപ്, കെ-ഡിസ്‌ക്, കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി, എസ്.സി.ടി അക്കാദമി ഓഫ് കേരള എന്നിവയുമായി സഹകരിച്ച് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കിവരികയാണ്.
ആറു ദിവസം നീളുന്ന പരിപാടിയില്‍ പാലക്കാട് ഐ.ഐ.ടി പ്രോഫസര്‍മാരായ ഡോ. മൃണാല്‍, ഡോ. സഹേലി, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി.ജി. സി.വി, പ്രൊഫസര്‍മാരായ ഡോ. ശശികുമാര്‍, ഡോ. കെ. സുരേഷ് എന്നിവര്‍ എന്‍ജിനീയറിംഗ് കോളേജ് അധ്യാപര്‍ക്കു പരിശീലനം നല്‍കും.