സുനാമി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകള്‍ ലൈഫ് മിഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നറുക്കെടുപ്പ് നടത്തി.
മത്സ്യത്തൊഴിലാളികളായ 267 പേര്‍ക്കായി ഇരവിപുരം, മയ്യനാട്, പരവൂര്‍ എന്നിവിടങ്ങളിലാണ് ഫ്‌ളാറ്റുകള്‍ നല്‍കുന്നത്. കൊല്ലം ടി.എം. വര്‍ഗീസ് ഹാളില്‍ ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍  നടന്ന നറുക്കെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് മിഷന്‍ കണ്‍വീനര്‍ എ.ലാസര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ബി. പ്രദീപ്, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ജി.സുധാകരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അനുവദിക്കപ്പെട്ട സുനാമി ഫ്‌ളാറ്റുകള്‍ അറ്റകുറ്റ പണി പൂര്‍ത്തിയാക്കിയ ശേഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.