നെല്‍കൃഷിയുള്ള ജില്ലയെന്ന നിലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ ലഭ്യതയ്ക്കായി ശാശ്വതപരിഹാരം കാണണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ മോണിറ്ററിംഗ്, അവലോകനം എന്നിവയ്ക്കായി സംഘടിപ്പിച്ച ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. കൊയ്ത്തു യന്ത്രങ്ങള്‍ സുലഭമാക്കാന്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ഓരോന്നും ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ രണ്ടെണ്ണം വീതവും താലൂക്ക് തലത്തില്‍ ഓരോ എണ്ണവും കൊയ്ത്ത് യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. ഇത്തരത്തില്‍ വാങ്ങുന്ന യന്ത്രങ്ങളുടെ പരിപാലനം കര്‍ഷക സമിതികളെ ഏല്‍പ്പിക്കണം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.

കൃഷി വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാരിന്റെ 36 ഓളം പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ നടപ്പാക്കല്‍, ഫണ്ട് ചെലവഴിക്കല്‍ എന്നിവയില്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനമാണ് ഉള്ളതെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.ആര്‍. ഷീല അറിയിച്ചു. ഡിസംബര്‍ അവസാനത്തോടെ ഫണ്ട് വിനിയോഗം നൂറ് ശതമാനത്തില്‍ എത്തിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു.

കൃഷിവകുപ്പ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാര്‍ഷിക പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായും രൂപീകരിച്ച ജില്ലാ കാര്‍ഷിക വികസന സമിതിയില്‍ ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരാണ് അംഗങ്ങള്‍.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.പി സുമോദ് എം.എല്‍.എ, എ.ഡി.എം കെ. മണികണ്ഠന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.