നാഷനല്‍ ആയുഷ് മിഷന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ 260 ആയുഷ് സ്ഥാപനങ്ങള്‍ ഹെല്‍ത്ത് വെല്‍നസ് സെന്ററുകളാകുന്നു. ഇതിന്റെ ഭാഗമായി യോഗ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ബേളൂര്‍ ഗവ. മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നവംബര്‍ ഒമ്പതിന് നടക്കും.

രോഗചികിത്സയോടൊപ്പം നല്ല ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് വെല്‍നസ് സെന്ററുകളുടെ ലക്ഷ്യം. ഇതിനായി യോഗ പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ഔഷധ സസ്യങ്ങള്‍ പരിചയപെടുത്തല്‍ തുടങ്ങി വിവിധ പരിപാടികള്‍ ലക്ഷ്യമിടുന്നു. ജില്ലയിലെ വെല്‍നസ് സെന്ററുകളില്‍ ഔഷധതോട്ട നിര്‍മ്മാണം പൂര്‍ത്തിയായി. യോഗ ട്രെയിനര്‍മാരെ നിയമിച്ചു.

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ബേളൂര്‍ ഗവ. മാതൃക ഹോമിയോ ഡിസ്‌പെന്‍സറി ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ വെല്‍നെസ് സെന്റര്‍ ആയ ജില്ലയിലെ ആദ്യ സ്ഥാപനമാണ്. ഇവിടെ യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ഒന്‍പതിന് രാവിലെ 10ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ‘ആഹാരവും ആരോഗ്യവും’ എന്ന വിഷയത്തില്‍ ഡോ. എം. പൂജ ക്ലാസെടുക്കും.