സ്ത്രീപുരുഷ സമത്വം പ്രചരിപ്പിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് ആരംഭിച്ച ‘സമം-സ്ത്രീ സമത്വത്തിന് സാംസ്‌കാരിക മുന്നേറ്റം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികള്‍ നടത്തും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാംസ്‌കാരിക-വിദ്യാഭ്യാസ ബോധവത്കരണ പരിപാടികളാണ് പ്രാദേശികതലം മുതല്‍ നടപ്പാക്കുക. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ചെയര്‍പേഴ്സണും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കണ്‍വീനറുമായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാതല കോര്‍കമ്മിറ്റി പിന്നീട് രൂപീകരിക്കും.

സെമിനാറുകള്‍, ഡോക്യുമെന്റേഷന്‍, നാടകം, പെണ്‍ കവിയരങ്ങുകള്‍, സ്ത്രീപക്ഷ നിയമബോധവത്കരണം, വനിത ചിത്രകലാ ക്യാമ്പ്, ചിത്രകലാ കളരി, പുസ്തക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയില്‍ വജ്രജൂബിലി കലാകാരന്മാര്‍, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, സ്‌കൂള്‍, കോളേജുകളിലെ എന്‍.എസ്.എസ്, എന്‍.സി.സി തുടങ്ങിയവ നേതൃത്വം നല്‍കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.പി.നന്ദകുമാര്‍ അധ്യക്ഷനായി.

മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് ഓണ്‍ലൈനില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ ഷിലാസ് സുരേഷ്, സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് സാലിയാന്‍, വജ്രജൂബിലി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മണിപ്രസാദ്, കാസര്‍കോട് വനിത സി.ഐ ഭാനുമതി എന്നിവര്‍ സംസാരിച്ചു. മുന്‍ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രസീത സ്വാഗതവും യുവജനക്ഷേമ ബോര്‍ഡംഗം എ.വി. ശിവപ്രസാദ് നന്ദിയും പറഞ്ഞു. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ് പരിപാടികളുടെ മേല്‍നോട്ടം വഹിക്കും.