കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കേരള വിക്ടിം കോംപന്‍സേഷന്‍ സ്‌കീമിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ജൂലൈ 23ന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാ ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. കുറ്റകൃത്യങ്ങളെ അതിജീവിച്ചവര്‍ക്കും കുറ്റകൃത്യങ്ങളിലകപ്പെട്ട് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുമുള്ള കേരള സര്‍ക്കാരിന്റെ നഷ്ടപരിഹാര പദ്ധതിയാണിത്. പദ്ധതി സംബന്ധിച്ച് സാധാരണക്കാരില്‍ അവബോധമുണ്ടാക്കാന്‍ പാരാ ലീഗല്‍ വൊളന്റിയേഴ്‌സ് ഗൃഹ സന്ദര്‍ശനം വഴി നോട്ടീസ് വിതരണം ചെയ്യും. നിര്‍ഭയ ഹോം, ഷെല്‍റ്റര്‍ ഹോം തുടങ്ങിയിടങ്ങളില്‍ ജില്ലാ ജഡ്ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനവും നടക്കും.
പൊതു ജനങ്ങളോടൊപ്പം വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ചൈല്‍ഡ് ലൈന്‍, പോലീസ്, കുടുംബശ്രീ തുടങ്ങിയ വകുപ്പ് ഉദ്യേഗസ്ഥര്‍ ക്ലാസില്‍ പങ്കെടുക്കും. സ്‌കീമിന്റെ നിയമവശങ്ങളെയും നടത്തിപ്പിനെയും സംബന്ധിച്ചും രണ്ട് ക്ലാസുകളാണ് നടക്കുക.
കേരള വിക്ടിം കോംപന്‍സേഷന്‍ സ്‌കീം കുടൂതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി താലൂക്ക് തലത്തിലും ക്ലാസുകള്‍ സംഘടിപ്പിക്കും. ജൂലൈ 25ന് ഒറ്റപ്പാലം, ആലത്തൂരില്‍ 27നും ചിറ്റൂരില്‍ 28നുമാണ് ക്ലാസുകള്‍ നടക്കുക.സംസ്ഥാനത്ത് നടന്ന കുറ്റകൃത്യങ്ങളില്‍പ്പെട്ട ഇരകള്‍ക്കും ഇരകളുടെആശ്രിതര്‍ക്കുമാണ് പദ്ധതി പ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. അടിയന്തര ചികിത്സാ ചെലവിനും പദ്ധതിയിലൂടെ സഹായം ലഭിക്കും. ജുഡീഷല്‍ മജിസ്‌ട്രേറ്റിന്റെയോ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയോ പൊലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന പൊലീസ് ഓഫീസറുടേയോ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ ചെലവുകള്‍ ലഭിക്കുക.
ഇരകള്‍ പ്രായപൂര്‍ത്തിയാവാത്തവരാണെങ്കില്‍ നഷ്ടപരിഹാര തുകയുടെ 50 ശതമാനം തുക കൂടുതല്‍ ലഭിക്കും. 2014ല്‍ തുടങ്ങിയ പദ്ധതി 2017ല്‍ ഭേദഗതി ചെയ്താണ് ഇരകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നത്. ഇരയുടെ കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലം കൂടി നോക്കിയാണ് നല്‍കേണ്ട തുക നിശ്ചയിക്കുന്നത്.
നഷ്ടപരിഹാരം ലഭിക്കുന്ന പരിക്കുകളും
കുറഞ്ഞ നഷ്ടപരിഹാര തുകയും (ലക്ഷത്തില്‍ ബ്രാക്കറ്റില്‍)
മരണം (രണ്ടു ലക്ഷം), മനപ്പൂര്‍വമല്ലാത്ത നരഹത്യ (ഒന്നര), അശ്രദ്ധമൂലമുള്ള മരണം (രണ്ട്), സ്ത്രീധന സംബന്ധമായ ആക്രമങ്ങള്‍ (രണ്ട്), സ്ഥിരമായ വൈകല്യം 80 ശതമാനത്തിന് മുകളില്‍ (രണ്ട്), ഭാഗികമായ വൈകല്യം (ഒന്ന്), ആസിഡ് ആക്രമം ഒഴികെ 25 ശതമാനത്തിനു മുകളിലുള്ളതും താഴെയുളളതുമായ പൊള്ളലുകള്‍ (രണ്ട്) , ഗര്‍ഭസ്ഥ ശിശു നഷ്ടപ്പെടല്‍ (50,000 രൂപ), കുട്ടികളിലെ ശാരീരിക പീഡനം(രണ്ട്), ബലാല്‍സംഗം (മൂന്ന്), ബലാല്‍സംഗം ഒഴികെയുള്ള ലൈംഗിക പീഡനം (50,000 രൂപ), അംഗഭംഗം/ സ്ഥാനഭ്രംശം (ഒന്നര), ശസ്ത്രക്രിയ വേണ്ടി വരുന്ന മുറിവ്/ പ്രധാന അവയവങ്ങള്‍ക്കുണ്ടായ സാരമായ പരിക്ക് (രണ്ട്), വന്ധ്യത (ഒന്നര), പ്രത്യേകമായി പറയാത്ത വലിയ മുറിവുകള്‍ (ഒന്ന്), പ്രത്യേകമായി പറയാത്ത ചെറിയ മുറിവുകള്‍ (50,000 രൂപ), ആസിഡാക്രമണം 40 ശതമാനത്തില്‍ കൂടുതലുുള്ള രൂപഭംഗം (മൂന്ന്), ആസിഡാക്രമണം 40 ശതമാനത്തില്‍ കുറവുള്ള രൂപഭംഗം (ഒന്ന്), പുനരധിവാസം (ഒന്ന്), മനുഷ്യക്കടത്തിനിരയായവരുടെ പുനരധിവാസം (ഒന്ന്), അതിര്‍ത്തി കടന്നുള്ള വെടിവെയ്പ്പിലെ സ്ത്രീ ഇരകള്‍ മരണം അല്ലെങ്കില്‍ സ്ഥിരമായ വൈകല്യം, 80 ശതമാനത്തിന് കൂടുതല്‍ (രണ്ട്), ഭാഗികമായ വൈകല്യം (ഒന്ന്) എന്നിങ്ങനെയാണ് കുറഞ്ഞ നഷ്ടപരിഹാരത്തുക.