ജില്ലയില്‍ ഇതര സംസ്ഥാനങ്ങളിലെ ലോറികള്‍ ഇന്‍ട്രാ സര്‍വീസ് നടത്തുന്നത് തടയാന്‍ സ്‌പെഷല്‍ സ്‌ക്വാഡിനെ നിയോഗിച്ചതായി മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷനര്‍ എം.പി അജിത്ത്കുമാര്‍ അറിയിച്ചു. കേരളത്തിന് പുറത്ത് രജിസ്‌ട്രേഷനുളള ചരക്കു വാഹനങ്ങള്‍ക്ക് കേരളത്തില്‍ നിന്നും ലോഡ് കയറ്റി കേരളത്തില്‍ തന്നെ ഇറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.
ഇത്തരം ഇന്‍ട്രാ സര്‍വീസുകള്‍ നടത്തുന്നതു കൊണ്ട് കേരളത്തില്‍ ടാക്‌സും ക്ഷേമനിധിയും റോഡ് സേഫ്റ്റി സെസ്സും അടയ്ക്കുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ട്. ഇത്തരത്തിലുളള വാഹനങ്ങള്‍ അനുവദനീയമായതിനേക്കാളും 60 ശതമാനം ഓവര്‍ലോഡ് കയറ്റിയാണ് സര്‍വീസ് നടത്തുന്നത്. കഞ്ചിക്കോട് നിന്നാണ് ഇത്തരം വാഹനങ്ങള്‍ ലോഡ് കയറ്റി ഇറക്കി സര്‍വീസ് നടത്തുന്നത്.
ഇത്തരം നടപടി കേരളത്തിലെ ട്രക്ക് വ്യവസായത്തിന് നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് നടപടി സ്വീകരിക്കും. ഓഹര്‍ലോഡ് പിടിക്കപ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് ഉടന്‍ തന്നെ റദ്ദാക്കും. തമിഴ്‌നാട് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസത്തേയ്ക്ക് അയോഗ്യത കല്‍പ്പിച്ച് തമിഴ്‌നാട് രജിസ്റ്ററിങ് അതോറിറ്റിയെ അറിയിക്കും. ഇന്‍ട്രാ ഓപ്പറേഷന്‍ നടത്തിയതിന്റെ ടാക്‌സും അടയ്‌ക്കേണ്ടി വരും.
16200 കി.ഗ്രാം ജി.വി.ഡബ്ള്‍യു ഉളള ഒരു തമിഴ്‌നാട് പെര്‍മിറ്റ് ലോറി അഞ്ച് ടണ്‍ ഓവര്‍ലോഡ് കയറ്റി ഓടിച്ചാല്‍ താഴെ കൊടുക്കുന്ന നിരക്കില്‍ പിഴ ഈടാക്കും. ഇന്‍ട്രാ ഓപ്പറേഷന്റെ പിഴ-5000 രൂപ, ഓവര്‍ലോഡ് കയറ്റിയതിനുളള പിഴ (അഞ്ച് ടണ്‍)- 7000 രൂപ, കേരളത്തിന്റെ ടാക്‌സിന്റെ ഇരട്ടി ടാക്‌സ് മൂന്ന് മാസത്തേക്ക് – 8200 രൂപ.