കോഴിക്കോട് ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ വര്‍ക്ക് ഷോപ്പ് ലാബ്, ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ യുമായും ഈ രംഗത്തെ വിദഗദരുമായും കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കുന്നതിനും  മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ ഗവ. ഐ.ടി ഐ കളേയും ദേശീയ, അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തിലുളള സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും പുതിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ചുളള പഠന രീതികളും നടപ്പാക്കും.
സംസ്ഥാനത്ത് വ്യവസായിക പരിശീലന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. നിലവിലുളള സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തും. നിലവിലുളള ട്രേഡുകളില്‍ കാലഹരണപ്പെട്ടവ നിര്‍ത്തലാക്കും. ആധുനിക ട്രേഡുകള്‍ തുടങ്ങും. ഐ.ടി ഐ ട്രയിനികള്‍ക്ക് ഈ വര്‍ഷം മുതല്‍ അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നിലവിലുളള സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഒമ്പത് പുതിയ ഐ.ടി ഐകള്‍ ആരംഭിച്ചു. ഏഴ് പുതിയ ഐ.ടി ഐ കള്‍ കൂടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വയനാട് ജില്ലയിലെ വെളളമുണ്ട കാസര്‍ഗോഡ് ജില്ലയിലെ പിലിക്കോട് കുറ്റിക്കോല്‍, കണ്ണൂരിലെ പന്ന്യന്നൂര്‍, കൊല്ലം ജില്ലയിലെ മയ്യനാട്, ഏറണാകുളത്തെ തുറവൂര്‍ തിരുവനന്തപുരത്ത് വര്‍ക്കല എന്നിവിടങ്ങളിലാണ് പുതിയ ഐ.ടി ഐ കള്‍ ആരംഭിക്കുന്നത്. വ്യവസായ സ്ഥാപനങ്ങള്‍ ഐ.ടി ഐ കള്‍മായുളള സഹകരണം വിപുലമാകും. സംരംഭകത്വ വികസന ക്ലബുകള്‍ക്ക് രൂപം കൊടുക്കുന്നതിനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഉന്നത പരിശീലനം ലഭ്യമാക്കാനും നടപടിയെടുക്കും. പരിശീലനത്തിനൊപ്പം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ജോബ്‌ഫെയര്‍ സംഘടിപ്പിക്കുകയാണ്. ഇതിനകം 6669 പേര്‍ക്ക് ഇതു വഴി തൊഴില്‍ ലഭിച്ചു. ഗവ. ഐ.ടി.ഐ കളില്‍ രൂപീകരിച്ച പ്ലേസ്‌മെന്റ് സെല്ലുകള്‍ വഴി 3727 പേര്‍ക്കും ജോലി ലഭിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം- പരമ്പരാഗത മേഖലകളിലെ വിദഗ്ധ അവിദഗ്ധ തൊഴിലാളികളുടെ കുറവ് നികത്തുന്നതിന് ലേബര്‍ ബാങ്ക് രൂപീകരിക്കും.
വ്യവസായിക പരിശീലന വകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍ഡ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്നാണ്  ലേബര്‍ ബാങ്ക് രൂപീകരിക്കുക. തൊഴില്‍ വകുപ്പ് രൂപം നല്‍കിയ ജോബ് പോര്‍ട്ടല്‍ അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുപ്പിന് അവസരം നല്‍കും. തൊഴിലന്വേഷകരും തൊഴില്‍ദായകരും മറ്റു സേവന ദായകരും ഒരേ പ്ലാറ്റ്‌ഫോമില്‍ വരുന്നതും  വിശ്വസ്യത ഉറപ്പുവരുത്തുന്നതുമായ പോര്‍ട്ടലാണ് ഇത്.
നിര്‍മ്മാണ മേഖലയില്‍ വിപുലമായ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കൊല്ലം ചവറയില്‍ ഈ മാസം 23 ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 38 കോഴ്‌സുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകും. ഇവിടെ പ്രവേശനം നേടുന്നവര്‍ക്കെല്ലാം പ്ലേസ്‌മെന്റ് ലഭിക്കും. തൊഴില്‍ നൈപുണ്യ വികസനത്തിലെ നാഴികക്കല്ലായി ഈ ഇന്‍സ്റ്റിറ്റ്യൂട്ട് മാറുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ രതീദേവി, വ്യവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ മേഖല ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, ട്രയിനിംഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ശിവശങ്കരന്‍, ഗവ. ഐ.ടി ഐ ഐ.എം.സി ചെയര്‍മാന്‍ കെ.ഇ ഷാനവാസ്, എസ്.സി.വി.ടി മെമ്പര്‍ എം.എസ് ഷാജി, ഗവ. വനിതാ ഐ.ടി ഐ പ്രിന്‍സിപ്പാള്‍ ആര്‍ രവികുമാര്‍, പി.ടി.എ പ്രസിഡണ്ട് പി.ഐ പുഷ്പരാജന്‍, ഐ.ടി ഐ സ്റ്റാഫ് സെക്രട്ടറി വി.രമേഷ്, ട്രയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ജിത്തു എന്നിവര്‍ സംസാരിച്ചു. വ്യവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ മാധവന്‍ സ്വാഗതവും ഗവ. ഐ.ടി ഐ പ്രിന്‍സിപ്പാള്‍ കെ.വി മുഹമ്മദ് നന്ദിയും പറഞ്ഞു.
150 ലക്ഷം രൂപ ചിലവില്‍ ഗവ. ഐടിഐ ഹോസ്റ്റല്‍ കെട്ടിടം 1003 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നില കെട്ടിടത്തില്‍ താഴെ നിലയില്‍ ലോബി, ഓഫീസ്, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ, സ്റ്റയര്‍ റൂം, ടോയ് ലറ്റ് എന്നിവയും മുകളിലത്തെ നിലയില്‍ 12 മുറികളും (3 ബെഡ്ഡ്), ടോയ്‌ലറ്റുകളുമാണ് ഉള്ളത്. 2005 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 250 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മൂന്ന് നില വര്‍ക്ക്ഷാപ്പ് ലാബ് കെട്ടിടത്തില്‍ വിവിധ നിലകളിലായി വര്‍ക്ക്‌ഷോപ്പുുുകളും, ലാബ്, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.